പര്‍ദ ധരിച്ച് എത്തിയാണ് തേജസ് കൊലപാതകം നടത്തിയതെന്ന് ഫെബിന്റെ അമ്മ ഡെയ്‌സി മൊഴി നല്‍കി.
ഫെബിൻ, തേജസ്
കൊല്ലം ഉളിയക്കോവിലിലെ ഫെബിന്റെ കൊലയ്ക്ക് കാരണം സഹോദരിക്ക് കുടുംബം മറ്റൊരു വിവാഹം നിശ്ചയിച്ചതാണെന്ന് എഫ്‌ഐആര്‍. പര്‍ദ ധരിച്ച് എത്തിയാണ് തേജസ് കൊലപാതകം നടത്തിയതെന്ന് ഫെബിന്റെ അമ്മ ഡെയ്‌സി മൊഴി നല്‍കി.
കഴിഞ്ഞ ദിവസം രാത്രി 7 മണിക്കാണ് ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) കൊല്ലപ്പെട്ടത്. ഫെബിനെ കുത്തിയ നീണ്ടകര സ്വദേശി തേജസ് രാജ്(24) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
Also Read: തേജസ് എത്തിയത് ഫെബിന്റെ സഹോദരിയെ ലക്ഷ്യം വെച്ച്; കൈഞരമ്പ് മുറിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി
ഫെബിന്റെ സഹോദരിയുമായി തേജസ് രാജ് അടുപ്പത്തിലായിരുന്നു. പ്രണയപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. യുവതിയും തേജസും എഞ്ചിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ട്. ഇരുവരുടേയും വിവാഹവും ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു.
തേജസിന് ജോലി ഇല്ലാത്തതിനാല്‍ ഫെബിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണം. ജോലി ലഭിച്ചതിന് പിന്നാലെ കുടുംബം യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതിന്റെ വിരോധത്തില്‍ സഹോദരനെയും മാതാപിതാക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വീട്ടില്‍ എത്തിയത് എന്നാണ് എഫ്‌ഐആര്‍. പെട്രോള്‍ ഒഴിച്ച ശേഷമാണ് ഫെബിനെയും പിതാവ് ജോര്‍ജ് ഗോമസിനെയും കുത്തിയത്.
കൊലയ്ക്ക് ശേഷം ചെമ്മാമുക്കില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് തേജസ് ആത്മഹത്യ ചെയ്തത്. പരിക്കേറ്റ് ചികിത്സയില്‍ ഉള്ള ജോര്‍ജ് ഗോമസ് അപകടനില തരണം ചെയ്തു.