ഇനി നമ്മൾ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും, തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി എന്നും പ്രതി മൊഴി നൽകി
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിനു ശേഷമെന്ന് പ്രതി അഫാൻ. കൂട്ടക്കൊല നടത്തിയ കാര്യം അറിഞ്ഞതിന് ശേഷം ഇനി നമ്മൾ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും, തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി എന്നും പ്രതി മൊഴി നൽകി.
അഫാൻ്റെ മാതാവിനെ സൽമാബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. കുടുംബത്തിനുണ്ടായ കടബാധ്യതയ്ക്ക് കാരണം മാതാവ് ഷെമി ആണെന്ന് അവർ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇത് സൽമാബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലത്തീഫിൻ്റെ ഭാര്യയെ കൊല്ലാൻ താൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിൻ്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് അവരേയും കൊലപ്പെടുത്തിയത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊല: മാതാവിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും, പ്രതി അഫാൻ്റെ പിതാവ് നാട്ടിലെത്തി
അതേസമയം, പ്രതി അഫാൻ്റെ മാതാവിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം അറിയിച്ചു. വിദേശത്തായിരുന്ന പ്രതിയുടെ പിതാവ് ഇന്ന് രാവിലെയോടെ നാട്ടിലെത്തിയിരുന്നു. ഭാര്യ ഷെമിയെ സന്ദർശിച്ച ശേഷം ഉറ്റവരെ ഖബറടക്കിയ പള്ളിയിലും സന്ദർശനം നടത്തി.
പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയുടെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.പിതാവിൻ്റെ മാതാവിനെ കൊന്ന കുറ്റത്തിലാണ് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വല്ല്യുമ്മ സൽമാബീവിയെ കൊന്ന ശേഷം അഫാൻ ഒരു മാല കൈക്കലാക്കുകയും അത് പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ അഫാൻ കടക്കാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.പിതാവിനൊപ്പം വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. നാലുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും, രണ്ടുപേരെ വെട്ടുകയുമായിരുന്നു. സ്വന്തം വീട്ടിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചുമാണ് അഫാന്‍ കൊലപാതകം നടത്തിയത്. മുഖ്യപ്രതി അഫാൻ്റെ സഹോദരന്‍ അഫ്സാന്‍, ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന, എന്നിവരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.