ജെഎംഎം നേതാവ് ഹേമന്ദ് സോറൻ്റെ നേതൃത്വത്തിൽ അധികാര തുടർച്ച നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സഖ്യം
ജാർഖണ്ഡിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. 43 നിയോജക മണ്ഡലങ്ങളിൽ ബുധനാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ആറെണ്ണം പട്ടിക ജാതി സംവരണ മണ്ഡലങ്ങളും 20 എണ്ണം പർട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങളുമാണ്. 683 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
ALSO READ: ജാതി സെൻസസ് മുതൽ ആരോഗ്യ ഇൻഷൂറൻസ് വരെ; തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് മഹാ വികാസ് അഘാഡി
ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ, രാജ്യസഭാംഗവും ജെഎംഎം നേതാവുമായ മഹുവ മാജി, ബിജെപി നേതാവ് സി.പി. സിങ്, ഒഡീഷ ഗവർണ്ണറും മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസിൻ്റെ മരുമകൾ പൂർണ്ണിമ ദാസ് സാഹു, ജെഡിയു നേതാവ് സരയുറോയ്, ആരോഗ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത, കോൺഗ്രസ് നേതാവ് അജോയ് കുമാർ, ബിജെപി നേതാവ് ഗീതാ കോഡ എന്നീ നേതാക്കളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
ജെഎംഎം നേതാവ് ഹേമന്ദ് സോറൻ്റെ നേതൃത്വത്തിൽ അധികാര തുടർച്ച നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സഖ്യം. അധികാരം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നയിക്കുന്ന എൻഡിഎ. ബീഹാറിലെ 4 നിയമസഭാ മണ്ഡലങ്ങളിലും രാജസ്ഥാനിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ അഞ്ച് നിയമസഭാ സീറ്റുകളിലും മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഗുജറാത്തിലെയും സിക്കിമിലേയും ഒരോ സീറ്റുകളിലും കർണ്ണാടകയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും പശ്ചിമ ബംഗാളിലെ ആറ് നിയമസഭാ സീറ്റുകളിലും ബുധനാഴ്ച്ച ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.