ആനയുടെ ആക്രമണത്തിൽ ശരീരത്തിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റതാണ് മരണകാരണം
അതിരപ്പിള്ളിയിൽ മരിച്ച വാഴച്ചാൽ സ്വദേശി സതീശന്റെ മരണകാരണം ആന ആക്രമണം തന്നെ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനയുടെ ആക്രമണത്തിൽ ശരീരത്തിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റതാണ് മരണകാരണം. അംബികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. അംബികയുടെ പോസ്റ്റ്‌മോർട്ടവും പൂർത്തീകരിച്ചു. അംബികയുടെ മരണവും ആന ആക്രമണം തന്നെയാണെന്നാണ് സൂചന.
ഇരുവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ വീതം കൈമാറും. ജില്ലാ കളക്ടർ നേരിട്ട് ഉന്നതിയിൽ എത്തി പണം കൈമാറുമെന്നും ഡഎഫ്ഒ ആർ. ലക്ഷ്മി അറിയിച്ചു. അതേസമയം, ആനയുടെ ആക്രമണത്തിൽ മരിച്ച സതീഷന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വാഴച്ചാൽ ഉന്നതിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചത് വനം വകുപ്പും പൊലീസും ചേർന്നാണ്. ലക്ഷ്മിയുടെ മൃതദേഹം പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് രവിയെ കാണിക്കും. തുടർന്ന് ഉന്നതിയിൽ എത്തിച്ച ശേഷം ആയിരിക്കും മൃതദേഹം സംസ്കരിക്കുക.
അതിരപ്പിള്ളിയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ALSO READ: കാട്ടാന ആക്രമണം: അതിരപ്പള്ളിയിൽ നാളെ ജനകീയ ഹർത്താൽ
അംബിക, സതീഷ് എന്നിവരാണ് ഇന്ന് രാവിലെയോടെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിൽ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്. കാട്ടാനയുടെ മുന്നിൽ പെട്ട ഇവർ ചിതറി ഓടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു.