ആറിന് കുറുകെയുള്ള അശാസ്ത്രീയ പാല നിർമാണം വെള്ളം ഒഴുകുന്നതിൻ്റെ ഗതിമാറ്റിയെന്നും ഇതാണ് വീടിന് അപകടാവസ്ഥയുണ്ടാകാൻ കാരണമെന്നും കുടുംബം പരാതിപ്പെടുന്നു
വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം. ഇടുക്കി കാഞ്ചിയാറിലാണ് കുടുംബം കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രശ്നപരിഹാരത്തിന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്നാണ് സമരം.
കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ആറിലൂടെ വെള്ളം കുത്തിയൊഴുകിയതോടെയാണ് കാഞ്ചിയാർ കക്കാട്ടുകടയിൽ താമസിക്കുന്ന ജോമോൻ്റെ വീടിനോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായത്. ഇനിയൊരു വെള്ളപ്പാച്ചിലുണ്ടായാൽ ജോമോൻ്റെ വീട് നിലം പൊത്തും.
വീടിൻ്റെ അപകടാവസ്ഥ ജോമോനും കുടുംബവും പലതവണ അധികൃതരെ അറിയിച്ചിരുന്നു. നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെയാണ് പ്രായമായ അമ്മയെയും കുട്ടികളെയും കൂട്ടി കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
ആറിന് കുറുകെയുള്ള അശാസ്ത്രീയ പാല നിർമാണം വെള്ളം ഒഴുകുന്നതിൻ്റെ ഗതിമാറ്റിയെന്നും ഇതാണ് വീടിന് അപകടാവസ്ഥയുണ്ടാകാൻ കാരണമെന്നും കുടുംബം പരാതിപ്പെടുന്നു. കുടുംബം കുത്തിയിരിപ്പ് സമരം നടത്തിയതോടെ കാഞ്ചിയാർ വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറിൻ്റെ തീരത്ത് സംരക്ഷണ ഭിത്തി കെട്ടുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കുടുംബം പറയുന്നത്.