കൊല്ലപ്പെട്ട ഷഹബാസിൻ്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വിശദമായ മൊഴിയെടുക്കും
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കൊല്ലപ്പെട്ട ഷഹബാസിൻ്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വിശദമായ മൊഴിയെടുക്കും. കൂടുതൽ സിസിടിവി ദൃശ്യങ്ങളും സൈബർ തെളിവുകളും ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. ട്യൂഷൻ സെൻ്ററിലുണ്ടായ തർക്കമാണ് ചുങ്കം പാലോറക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസിൻ്റെ മരണത്തിലേക്ക് എത്തിച്ചത്. ഗുരുതര മർദനമേറ്റതിനെത്തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: അക്രമത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരം പുറത്ത്
സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് പ്രാഥമിക വിവരം. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിൻ്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
ഫെയർവെൽ പാർട്ടിയിൽ കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചു പോകുകയും,മറ്റുള്ള വിദ്യാർഥികൾ കൂവുകയും ചെയ്തു.ഇത് പരിപാടി അവതരിപ്പിച്ചവരിൽ പ്രകോപനം ഉണ്ടാക്കിയെങ്കിലും ട്യൂഷൻ സെൻ്റർ അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ കളിയാക്കിയത് പകയായി മനസിൽ കൊണ്ട് നടന്ന സുഹൃത്തുക്കൾ ആസൂത്രിതമായാണ് ഷഹബാസിനെ കൊലപ്പെടുത്തിയത്.
ALSO READ: ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്
ഷഹബാസിൻ്റെ മരണത്തെ തുടർന്ന് ആരോപണവിധേയരായ കുട്ടികൾ നടത്തിയ ചാറ്റുകൾ പുറത്തുവന്നിരുന്നു. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നാണ് വിദ്യാർഥികൾ സന്ദേശമയച്ചിരിക്കുന്നത്. വിദ്യാർഥികൾ ക്യത്യമായി ആസൂത്രണം ചെയ്താണ് കുററകൃത്യം നടപ്പിലാക്കിയത് എന്നാണ് ഇത്തരം തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്.