എന്താണ് ഗ്രാഫ് വാച്ചും ഇമ്രാന്‍ ഖാനും തമ്മിലുള്ള ബന്ധം. അദ്ദേഹത്തിനെതിരെ ഇന്ന് ചുമത്തപ്പെട്ട 14 വര്‍ഷത്തെ തടവ് ശിക്ഷയിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ ഗ്രാഫ് വാച്ചിനുള്ള പങ്ക് എന്താണ്?
ലോകത്തിലെ ഏറ്റവും മികച്ചതും അപൂര്‍വവും വിലപിടിപ്പുള്ളതുമായ വജ്രങ്ങളെയാണ് ഹൗസ് ഓഫ് ഗ്രാഫ് പ്രതിനിധീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാച്ചുകളില്‍ ചിലത് ഗ്രാഫ് നിര്‍മിക്കുന്നു. മൂല്യത്തില്‍ മാത്രമല്ല, ഇപ്പോള്‍ വിവാദങ്ങളിലും ഹൗസ് ഓഫ് ഗ്രാഫ് മുന്നില്‍ തന്നെയാണ്. അതിന് കാരണക്കാരനായതാകട്ടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും.
ലോകത്ത് അത്രമേല്‍ അമൂല്യമായതൊന്നും അധികം ഉണ്ടാകില്ലെന്ന് പറയാറുണ്ട്, ഗ്രാഫ് വാച്ചുകളിലും ഈ തീയറി മറിച്ചല്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ ഗ്രാഫ് ഡയമണ്ട് ഹാലൂസിനേഷന്‍ എന്ന വാച്ചിന് ഒരേയൊരു അവകാശി മാത്രമേ ഉള്ളൂ, അതല്ലെങ്കില്‍ ഒരാളുടെ പക്കല്‍ മാത്രമേ ഈ അപൂര്‍വ വാച്ചുള്ളൂ, മറ്റാരുമല്ല, ഗ്രാഫ് സ്ഥാപകനും വജ്ര ഖനി ഉടമയുമായ ലോറന്‍സ് ഗ്രാഫ്. ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ ഈ വാച്ചിന്റെ പ്രത്യേകതകളെ കുറിച്ച് അറിയാം,
30 വിദഗ്ധര്‍ ചേര്‍ന്ന് ഏകദേശം അഞ്ച് വര്‍ഷമെടുത്താണ് 110 ഫാന്‍സി വജ്രങ്ങളുള്ള ഈ വാച്ച് നിര്‍മിച്ചത്. 55 മില്യണ്‍ ഡോളര്‍ ഏകദേശം 460 കോടി രൂപ വിലമതിക്കുന്ന ഈ അപൂര്‍വ വാച്ച് ഗ്രാഫിന്റെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ കാണിക്കാനാണ് നിര്‍മിച്ചത്. ഇത് വില്‍പനയ്ക്കുള്ളതല്ലെന്ന് ചുരുക്കം.
ഇനി ഇമ്രാന്‍ ഖാനിലേക്ക് വരാം, എന്താണ് ഗ്രാഫ് വാച്ചും ഇമ്രാന്‍ ഖാനും തമ്മിലുള്ള ബന്ധം. അദ്ദേഹത്തിനെതിരെ ഇന്ന് ചുമത്തപ്പെട്ട 14 വര്‍ഷത്തെ തടവ് ശിക്ഷയിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ ഗ്രാഫ് വാച്ചിനുള്ള പങ്ക് എന്താണ്?
തോഷഖാന വകുപ്പ്
1974 ല്‍ പാകിസ്ഥാനില്‍ സ്ഥാപിതമായ വകുപ്പാണ് തോഷഖാന. ഈ വകുപ്പാണ് പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങളും മറ്റ് വസ്തുക്കളും സംഭരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, അന്തര്‍ദേശീയ പ്രമുഖര്‍ തുടങ്ങിയവരൊക്കെ നല്‍കുന്ന വിലകൂടിയ സമ്മാനങ്ങള്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഈ വകുപ്പിന് നല്‍കണം. മാത്രമല്ല, ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും ക്യാബിനറ്റ് ഡിവിഷനില്‍ അറിയിക്കുകയും വേണം. പാകിസ്ഥാന്റെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്. 30,000 പാകിസ്ഥാനി രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ക്ക് നിശ്ചിത ശതമാനം അടച്ച് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാം.
എന്താണ് ഇമ്രാന്‍ ഖാനെ കുടുക്കിയ തോഷാഖാന കേസ്
പ്രധാനമന്ത്രിയായിരിക്കേ ഇമ്രാന്‍ ഖാന്‍ തനിക്ക് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ തോഷാഖാന വകുപ്പിനെ ഏല്‍പ്പിക്കാതെ സ്വന്തം നിലയ്ക്ക് വിറ്റു എന്നായിരുന്നു കേസ്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കേ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചില വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി. സൗദിയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രതീകമായ അപൂര്‍വ സമ്മാനം. ഒരു മോതിരം, കഫ്ളിങ്ക്, ഒരു പേന, പിന്നെയൊരു ഡയമണ്ട് ഗ്രാഫ് വാച്ച്! ഇത് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന വ്യക്തി ഇമ്രാന്‍ ഖാന് നല്‍കിയ സമ്മാനങ്ങളായിരുന്നില്ല, സൗദി കിരീടാവകാശി പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങളായിരുന്നു, അതായത് ഈ സമ്മാനങ്ങള്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റേതാണ്, തോഷഖാന വകുപ്പിലേക്ക് കൈമാറേണ്ട പൊതു സ്വത്താണ്.
Also Read: അൽ ഖദീർ ട്രസ്റ്റ് കേസ്: പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ
സൗദി കിരീടാവകാശി നല്‍കിയ ഗ്രാഫ് വാച്ചിനും ചില പ്രത്യേകതകളുണ്ട്, ഇസ്ലാം വിശ്വാസികളുടെ ഏറ്റവും പവിത്ര സ്ഥലമായ സൗദി അറേബ്യയിലെ മക്കയില്‍ മസ്ജിദുല്‍ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കഅ്ബയുടെ രൂപം ആലേഖനം ചെയ്ത ലോകത്തിലെ ഏക വാച്ചാണ് ഇമ്രാന്‍ ഖാന് സമ്മാനമായി ലഭിച്ചത്. രാജ്യത്തിന്റെ പൊതു സ്വത്തായ അപൂര്‍വ സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ തോഷഖാന വകുപ്പിന് കൈമാറിയില്ലെന്ന് മാത്രമല്ല, അത് വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2022 ഓഗസ്റ്റില്‍ മുഹ്സിന്‍ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഉമര്‍ ഫാറൂഖ് സഹൂറിന്റെ എന്‍ട്രി, ഇമ്രാന്‍ ഖാന്റെ പതനം
സല്‍മാന്‍ രാജകുമാരന്‍ ഇമ്രാന്‍ ഖാന് സമ്മാനമായി നല്‍കിയ ഗ്രാഫ് വാച്ച് വിലയ്ക്ക് വാങ്ങിയതായി വെളിപ്പെടുത്തുന്നതോടെയാണ് ഉമര്‍ ഫാറൂഖ് സഹൂര്‍ പാകിസ്ഥാനില്‍ ചര്‍ച്ചയാകുന്നത്. റിയല്‍ എസ്റ്റേറ്റ്, ഐടി, ഊര്‍ജ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം നിക്ഷേപമുള്ള അതിസമ്പന്നനാണ് ഉമര്‍ ഫാറൂഖ് സഹൂര്‍.
അപൂർവതരം വാച്ചുകളോട് കമ്പമുള്ള സഹൂര്‍ ഏകദേശം 12 മില്യണ്‍ ഡോളറിന് ഇമ്രാന്‍ ഖാനില്‍ നിന്ന് ഗ്രാഫ് വാച്ച് വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 2023 ല്‍ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫറാ ഗോഗി എന്ന ഇടനിലക്കാരന്‍ വഴി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിയും വാച്ച് തനിക്ക് വിറ്റതായി സഹൂര്‍ അവകാശപ്പെട്ടു. ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്തായിരുന്നു ഫറാ ഗോഗി. ദുബായില്‍ വെച്ചായിരുന്നു കൈമാറ്റം നടന്നത്. വില ഈടാക്കാനാകാത്ത ലോകത്ത് ഒരേയൊരെണ്ണം മാത്രമുള്ള ഗ്രാഫ് വാച്ച് തന്റെ കൈവശമുണ്ടെന്ന വിവരം ലോകത്തോട് വിളിച്ചു പറയാതിരിക്കാന്‍ സഹൂറിന് കഴിഞ്ഞതുമില്ല, ഇതോടെ, പുലിവാല് പിടിച്ചത് ഇമ്രാന്‍ ഖാനും ഭാര്യയുമാണ്. കാരണം, ഒന്നാമതായി, ഇത് വിൽക്കാനുള്ള അവകാശം ഇമ്രാൻ ഖാനായിരുന്നില്ല, പാകിസ്താൻ എന്ന രാജ്യത്തിനായിരുന്നു. രണ്ടാമത്, ലോകത്ത് ഒറ്റ പീസ് മാത്രമുള്ള വാച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്താല്‍ തന്നെ അത് രഹസ്യമാക്കി വെക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും കാണിക്കേണ്ടതായിരുന്നു.
വിവരം അറിഞ്ഞ സൗദി കിരീടാവകാശി സല്‍മാനും കോപാകുലനായി. പാകിസ്ഥാനുമായുള്ള സൗദി അറേബ്യയുടെ ബന്ധം വില്‍പ്പനയ്ക്കുള്ളതല്ലായിരുന്നു. പാകിസ്ഥാനിലും സ്ഥിതി മറിച്ചായിരുന്നില്ല, രാജ്യത്തിന് ലഭിച്ച സമ്മാനം പ്രധാനമന്ത്രി സ്വന്തം ലാഭത്തിനു വേണ്ടി വിറ്റുതുലച്ചെന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
നിയമപ്രകാരം, ഇമ്രാന്‍ ഖാന്‍ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ തോഷാഖാനയില്‍ ഏൽപ്പിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്തില്ലെന്ന് മാത്രമല്ല, സമ്മാനങ്ങളില്‍ പലതും വിറ്റു എന്നതായിരുന്നു വിമര്‍ശനം.
2022ല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്റെ പിടിഐ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്. അതിനു ശേഷം നിരവധി ആരോപണങ്ങള്‍ ഇമ്രാന്‍ ഖാനെതിരെ വന്നു. ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിയും ഉൾപ്പെട്ട
അല്‍ ഖദീര്‍ ട്രസ്റ്റ് കേസാണ് ആദ്യം. പിന്നാലെ ഔദ്യോഗിക രഹസ്യം പരസ്യമാക്കിയതിന് സൈഫര്‍ കേസ്, തോഷാഖാനാ കേസ്, നിയമ വിരുദ്ധ വിവാഹം എന്നിങ്ങനെയുള്ള കേസുകള്‍ മുന്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടിവന്നു.
പാകിസ്ഥാനിലെ പ്രമുഖ ഭൂവ്യവസായിയായ മാലിക്ക് റൈസില്‍ നിന്നും ഇമ്രാന്‍ ഖാനും ഭാര്യയും ട്രസ്റ്റികളായ അല്‍ ഖദീര്‍ ട്രസ്റ്റിലേക്ക് 100 ഏക്കറിലധികം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതിനൊപ്പമാണ് തോഷാഖാനാ കേസ്. 2023 മെയ് മാസത്തില്‍, ഈ കേസുകളില്‍ കോടതിക്കു മുന്നില്‍ ഹാജരായ ഇമ്രാനെ കോടതി വളപ്പില്‍ നിന്നുമാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള കലാപങ്ങളാണ് ഇതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ അരങ്ങേറിയത്.