ജൂലൈയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട അനധികൃത പട്ടാള റിക്രൂട്ട്മെൻ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച നടന്നിരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിൻ്റ് വ്ലാഡിമർ പുടിനും തമ്മിൽ ചർച്ച നടത്തിയിട്ടും റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധമാരംഭിച്ച ശേഷം 9 ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും ബാക്കിയുള്ളവരെ തിരികെയെത്തിക്കാനുള്ള യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണത്തിൽ അനധികൃത ഏജൻ്റുമാരെ തിരിച്ചറിഞ്ഞതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചെറിയ മുതൽ മുടക്കിൽ റഷ്യയിലൊരു ജോലി, പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ വേറെയും. ഏജന്റുമാരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് റഷ്യയിൽ എത്തിപ്പെട്ട ആളുകൾ നിരവധിയാണ്. എന്നാൽ പൗരത്വം ഉറപ്പാക്കാനും ജോലി ലഭിക്കാനും സൈന്യത്തിൽ ചേരേണ്ടിവന്നരാണ് ചതിക്കപ്പെട്ടവരിലേറെയും. മറുനാട്ടിലെത്തുമ്പോൾ അപകടം തിരിച്ചറിഞ്ഞിട്ടും നാട്ടിലെ പ്രാരാബ്ദങ്ങളിൽ നിന്ന് രക്ഷപെടുമെന്ന ചിന്തയിലാണ് പലരും സൈന്യത്തിനൊപ്പം ജോലി ചെയ്യാൻ തീരുമാനിക്കുന്നത്. എന്നാൽ ചെറുകിട ജോലികൾക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പിന്നീട് പരിശീലനം നൽകി പട്ടാളക്കാരായി മാറ്റുകയാണ് ചെയ്യുന്നത്.
ജൂലൈയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട അനധികൃത പട്ടാള റിക്രൂട്ട്മെൻ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് എത്തുന്നവരെ പട്ടാളത്തിൽ എടുക്കില്ലെന്നും നിലവിൽ ജോലി ചെയ്യുന്നവരെ മോചിപ്പിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉറപ്പും നൽകി. എന്നാൽ ഉഭയ കക്ഷി ചർച്ച നടന്ന മാസങ്ങളായിട്ടും ഇപ്പോഴും ഇന്ത്യക്കാരായ 66 പേർ യുദ്ധമുഖത്ത് ജോലിയിൽ തുടരുകയാണ്. 2022 മുതലുള്ള കണക്കുകൾ പ്രകാരം 91 പേരാണ് റഷ്യൻ പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർ . ഇതിൽ 9 പേർ യുദ്ധത്തിൽ മരിച്ചു. 14 പേരെ മോചിപ്പിക്കാനായി ശേഷിക്കുന്നവരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ALSO READ: "റഷ്യയുമായി വീട്ടുവീഴ്ചയില്ല, യുദ്ധം അവസാനിപ്പിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും": വൊളോഡിമിർ സെലൻസ്‌കി
റഷ്യൻ പട്ടാളത്തിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റുകൾ സംബന്ധിച്ച് സിബിഐയും ഇന്ത്യൻ എംബസിയും അന്വേഷണം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3042 അനധികൃത ഏജന്സികളെയും 19 വ്യക്തികളെയും ഇതിനോടകം കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവർക്കെതിരെയുള്ള നിയമ നടപടികളും പുരോഗമിക്കുകയാണ്.
ALSO READ: റഷ്യന്‍ സൈന്യത്തിനു നേരെ യുക്രെയ്ന്‍ ഷെല്ലാക്രമണം: തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
വിഷയവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പി ചോദ്യങ്ങൾ ഉയർത്തിയപ്പോൾ, ഉപജീവനത്തിനായി റഷ്യയിലെത്തിയവർ പൗരത്വം സ്വീകരിച്ചതും പട്ടാളവുമായി കരാറിലേർപ്പെട്ടതുമാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രധാന തിരിച്ചടിയെന്നായിരുന്നു വിദേശ കാര്യമന്ത്രാലയത്തിൻ്റെ മറുപടി. ഇക്കാര്യങ്ങൾ പട്ടാള റിക്രൂട്ടുമെൻ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും റഷ്യൻ പട്ടാളത്തിൽ ചേർന്നവരും ബന്ധുക്കളും മോചനത്തിനാവശ്യമായി നടപടികൾ സർക്കാർ തലത്തിൽ നടത്തുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.