സംവരണ നിയമങ്ങൾ ലംഘിച്ചാണെന്ന എസ് സി /എസ് ടി സെല്ലിൻ്റെ കണ്ടെത്തലും സിന്‍ഡിക്കേറ്റ് ഉപസമിതി പൂർണമായും തള്ളി
മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യക്ക് കാലടി സംസ്കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നല്‍കിയതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിദ്യയുടെ പ്രവേശനം സംവരണ നിയമങ്ങൾ ലംഘിച്ചാണെന്ന എസ് സി / എസ് ടി സെല്ലിൻ്റെ കണ്ടെത്തലും സിന്‍ഡിക്കറ്റ് ഉപസമിതി പൂർണമായും തള്ളി. മലയാളം പിഎച്ച്ഡി പ്രവേശനത്തിന് വിദ്യക്ക് പ്രവേശനം നൽകിയത് ചട്ടങ്ങള്‍ അനുസരിച്ചാണെന്നും സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാല മലയാളം വിഭാഗം പി എച്ച് ഡിയ്ക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേ 2020-ൽ അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തിരുന്നു. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യക്ക് പ്രവേശനം നൽകിയത്. എസ് സി / എസ് ടി സംവരണം വേണമെന്ന ചട്ടം മറികടന്നാണ് വിദ്യയുടെ പ്രവേശനം എന്നായിരുന്നു ആക്ഷേപം. എന്നാൽ ആദ്യത്തെ പത്ത് സീറ്റിന് മാത്രമായിരുന്നു സംവരണം ബാധകം. പ്രവേശനം നേടാൻ ഹൈക്കോടതിയിൽ വിദ്യ നൽകിയ ഹർജിയും കോടതി ഇടപെടലും കൂടി പരിഗണിച്ചാണ് സിന്‍ഡിക്കറ്റ് ഉപസമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
അട്ടപ്പാടി ഗവൺമെന്റ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം ലഭിക്കാന്‍ മഹാരാജാസ് കോളജില്‍ പഠിപ്പിച്ചുവെന്ന വ്യാജരേഖയുണ്ടാക്കിയ കേസില്‍ ആരോപണ വിധേയയായ സമയത്താണ് വിദ്യയുടെ സംസ്കൃത സര്‍വകലാശാല പ്രവേശനവും വിവാദത്തിലായത്. സംവരണ നിയമങ്ങള്‍ ലംഘിച്ചാണ് വിദ്യ പ്രവേശനം നേടിയതെന്നായിരുന്നു ആരോപണം.