ഭീകരാക്രമണത്തിന് പിന്നാലെ എൻഐഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു
പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎക്ക് ചുമതല നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവിറക്കിയത്. ഭീകരാക്രമണത്തിന് പിന്നാലെ എൻഐഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എൻഐഎയുടെ പ്രത്യേക സംഘം ജമ്മു കശ്മീരിൽ എത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു.
ഏപ്രിൽ 22നാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികൾ വെടിയുതിർത്തത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് നിഗമനം. 28 പേരാണ് ഭീകരാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്.ലോകനേതാക്കളടക്കം നിരവധി പേരാണ് ഭീകരാക്രമണത്തെ അപലപിച്ച് കൊണ്ട് പ്രതികരിച്ചത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ജമ്മു കശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പരിഹാരം നൽകാൻ കഴിയില്ല.എന്നിരുന്നാലും പിന്തുണയുടെയും ഐക്യദാർഢ്യത്തിൻ്റെയും അടയാളമായാണ് നഷ്ടപരിഹാരം നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണം. അക്രമി സംഘത്തിൽ 6 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഏക ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. സിന്ധു നദീജല കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ദൂരവ്യാപക പ്രതിസന്ധിയാണ് പാകിസ്ഥാന് നല്‍കുക. അതേസമയം, ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പാകിസ്ഥാൻ പ്രമേയം പാസാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമാണ് പാകിസ്ഥാൻ്റെ വാദം.
ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നായിരുന്നു യുഎൻ സുരക്ഷാ കൗൺസിലിൻ്റെ പ്രസ്താവന. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തത്സമയ സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ മാധ്യമങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് നിർദേശം നൽകിയത്.