ഈ നീക്കത്തിനെതിരെ ഡൊണൾഡ് ട്രംപ് രംഗത്തെത്തി
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കെ നിർണായക തീരുമാനവുമായി യുഎസ് ഫെഡറൽ റിസർവ്. സെപ്റ്റംബറിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡറൽ റിസര്‍വ് ചെയർമാൻ ജേറോം പവൽ സൂചന നൽകി. എന്നാൽ ഈ നീക്കത്തെ നിശിതമായി വിമർശിച്ച് ഡൊണൾഡ് ട്രംപ് രംഗത്തെത്തി.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പലിശ നിരക്ക് കുറയ്ക്കുമെന്ന് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്‍റെ നിർണായക തീരുമാനം. പോളിസികളെ ക്രമീകരിക്കാനുള്ള സമയമായെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് മാർക്കറ്റുകൾ വീക്ഷിക്കുന്നത്. വയോമിങ്ങിലെ ജാക്സൺ ഹോളിൽ നടന്ന സെൻട്രൽ ബാങ്കിൻ്റെ വാർഷിക യോഗത്തിലായിരുന്നു ചെയർമാൻ്റെ പ്രഖ്യാപനം.
എന്നാൽ തീരുമാനം എന്ന് മുതൽ നടപ്പിൽ വരും എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സെപ്റ്റംബർ പകുതിയോടെ ചേരുന്ന യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ് നാല് പാദങ്ങളിലും പണപ്പെരുപ്പം ഉയർന്നുനിൽക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ ഇത്തവണ പണപ്പെരുപ്പം രണ്ടര ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുഎസ് ഫെഡറൽ റിസർവ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്.