പണം നേടുന്നതിനായി വിദ്യാർഥികൾ മോഷ്ടിക്കുന്നതിലേറെയും ബൈക്കുകളാണ്. മോഷ്ടിക്കുന്ന ബൈക്കുകൾ പിന്നീട് പാർട്ട്സായി വിൽക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്
കൊച്ചിയില്‍ ലഹരി വാങ്ങാൻ പണം കണ്ടെത്തുന്നതിനായി സ്കൂൾ വിദ്യാർഥികൾ മോഷണം നടത്തുവെന്ന് കണ്ടെത്തൽ. വിൽപ്പനയ്ക്കായി ലഹരി മരുന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി വാങ്ങുന്നതിനായുള്ള പണം ഉണ്ടാക്കാനാണ് മോഷണം നടത്തുന്നത്. വിദ്യാർഥികളുടെ വാട്ട്സ് ആപ്പ് വോയിസും ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചു. പണം നേടുന്നതിനായി വിദ്യാർഥികൾ മോഷ്ടിക്കുന്നതിലേറെയും ബൈക്കുകളാണ്. മോഷ്ടിക്കുന്ന ബൈക്കുകൾ പിന്നീട് പാർട്ട്സായി വിൽക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികൾ രാസലഹരി ഉപയോഗിക്കുന്നതിൻ്റെയും ലഹരി ചോക്ലേറ്റ് തയാറാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പെൺകുട്ടികള്‍ക്ക് അടക്കം ലഹരിമരുന്ന് ചേർത്ത ചോക്ലേറ്റ് കൈമാറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വിദ്യാർഥികളെ വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് കെണിയില്‍ വീഴ്ത്തുന്നത്.
'പണി' എന്ന പേരിൽ വാട്സാആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വിദ്യാർഥിനികളെയടക്കം ലഹരി കെണിയിൽ വീഴ്ത്തുന്നത്.ആറാം ക്ലാസുമുതലുള്ള വിദ്യാർഥികളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തിയാണ് ഇവർ പണം കണ്ടെത്തുന്നത്.
എംഡിഎംഎ അടക്കമുള്ള സിന്തറ്റിക്ക് ഡ്രഗുകളാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത്. പെൺകുട്ടികൾക്ക് ചോക്ലേറ്റുകളിൽ ചേർത്താണ് ലഹരി നൽകുന്നത്. ലഹരി ചോക്ലേറ്റ് തയ്യാറാക്കിയ ശേഷം, പെൺകുട്ടികൾക്ക് സമ്മാനമായി നൽകും. ശേഷം പെൺകുട്ടികൾ ശാരീരികമായി ഉപദ്രവിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.