പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാരാമൺ കൺവെൻഷനിലേക്ക് ക്ഷണിച്ചെന്നും പിന്നീട് ഒഴിവാക്കിയെന്നും മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു
മാരാമൺ കൺവൻഷനിലേക്ക് ക്ഷണിച്ച ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണ്. അതിഥികളെ ക്ഷണിക്കുന്നത് മെത്രാപ്പോലീത്തയുടെ അനുമതിയോടെ യുവവേദി കമ്മിറ്റിയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ മാരാമൺ കൺവെൻഷനിലേക്ക് ക്ഷണിച്ചെന്നും പിന്നീട് ഒഴിവാക്കിയെന്നും മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു. സഭാ മാസിക- സഭാ താരകയിലാണ് മെത്രാപ്പോലീത്തയുടെ വിശദീകരണം.
മാരാമൺ കൺവൻഷൻ പ്രസംഗകരെ ക്ഷണിക്കുന്നത് സംബന്ധിച്ച് ചില വാർത്തകൾ സാമൂഹ്യ-പത്ര മാധ്യമങ്ങൾ വഴി പ്രചരിക്കുകയുണ്ടായല്ലോ. സഭയുടെ കീഴ്വഴക്കം അനുസരിച്ച് മാരാമൺ കൺവൻഷൻ പ്രസംഗകരെ ക്ഷണിക്കുന്നത് മാർത്തോമാ മെത്രാപ്പോലീത്തയുടെ അനുമതിയോടെ മാർത്തോമാ സുവിശേഷ പ്രസംഗ സംഘമാണ്. യുവവേദിക്കുള്ള പ്രസംഗകരെ ക്ഷണിക്കുന്നത് മെത്രാപ്പോലീത്തയുടെ അനുമതിയോടെ യുവവേദി കമ്മിറ്റിയുമാണ്. ഔദ്യോഗികമായി ക്ഷണിച്ച ആരെയും ഒഴിവാക്കിയിട്ടില്ല. മറിച്ചുള്ള അഭ്യൂഹങ്ങൾ അവാസ്തവമാണ്. തെറ്റായ പ്രചരണങ്ങൾ സമൂഹത്തിൽ അവമതിപ്പിനും, ചേരിതിരിവിനും കാരണമാകും എന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞിരിക്കണമെന്ന് ഏവരെയും ഉദ്ബോധിപ്പിക്കുന്നു - ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കുറിച്ചു.
വിഷയത്തിൽ മാർത്തോമ മെത്രാപ്പോലീത്ത ആദ്യമായാണ് പ്രതികരിക്കുന്നത്. മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായാണ് പുറത്തുവന്ന വിവരം. സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നുമായിരുന്നു വിഷയത്തിൽ സഭാ നേതൃത്വത്തിന്റെ പ്രതികരണം.
മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മണൽപ്പുറത്താണ് നടക്കുന്നത്. കൺവെൻഷനിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കാറുണ്ട്. എന്നാൽ പ്രസംഗിക്കാൻ ഇവരിൽ ചിലർക്ക് മാത്രമാണ് അവസരം ലഭിക്കുക. കഴിഞ്ഞ വർഷം തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ യുവജനസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.