സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ സംഘടനകളുമായി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു
പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച എസ് എഫ് ഐ യെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി. സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ മറ്റു സംഘടനകൾക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടി വരും എന്ന് എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് പറഞ്ഞ് മന്ത്രി പരിഹസിച്ചു.
സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ സംഘടനകളുമായി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയിൽ കണക്കുകൾ നിരത്തി മന്ത്രി വിശദീകരിച്ചിരുന്നു.
അതിനിടെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെ എസ് യു സെക്രട്ടSറിയറ്റിലേക്ക് മാർച്ച് നടത്തി. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും കെ എസ് യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർഥികളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാൽ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരത്തിലേക്ക് പോകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. അതേസമയം, സംസ്ഥാനമൊട്ടാകെയുള്ള കെ എസ് യു വിന്റെ പ്രതിഷേധത്തിനെതിരെയുള്ള പൊലീസിൻറെ സമീപനത്തിനെതിരെ നാളെ കെ എസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്.