ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ. ബാലകൃഷ്ണൻ്റെ പ്രതികരണം
ചേലക്കരയിൽ തൃശൂർ ആവർത്തിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ. ചേലക്കരയിൽ ബിജെപിക്ക് കൃത്യമായ പ്ലാൻ ഉണ്ട്. വിജയം ഉറപ്പെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും കെ. ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് ഇക്കുറി നൂറ് ശതമാനം വിജയസാധ്യതയുണ്ട്. വികസനം മുൻനിർത്തിയുള്ള പ്രചരണമാണ് ലക്ഷ്യം. വിജയിക്കാനാവശ്യമായ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും കെ. ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ മാറി മാറി ഭരിച്ച മുന്നണികളുടെ പ്രവർത്തികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാകും പ്രചാരണമെന്ന് കെ ബാലകൃഷ്ണൻ വ്യക്തമാക്കി. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ. ബാലകൃഷ്ണൻ്റെ പ്രതികരണം.
ALSO READ: ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ദീർഘകാലമായി പാർട്ടിയുടെ സജീവ പ്രവർത്തകനായ കെ ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതോടെ, പ്രാദേശിക തലത്തിൽ വോട്ട് വിഹിതമടക്കം വർധിപ്പിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.
പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ് എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർഥികൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി സി. കൃഷ്ണകുമാർ മത്സരിക്കുമെന്ന വാർത്ത ന്യൂസ് മലയാളം നേരത്തെ പുറത്തുവിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.
യുഡിഎഫും എൽഡിഎഫും നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്, വയനാട് പ്രിയങ്ക ഗാന്ധി എന്നിവരാണ് യുഡിഎഫ് സ്ഥാനാർഥികൾ. എൽഡിഎഫിൽ പാലക്കാട് ഡോ. പി സരിൻ, വയനാട് സത്യൻ മൊകേരി, ചേലക്കര യു.ആർ പ്രദീപ് എന്നിവരാണ് സ്ഥാനാർഥികൾ.