മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവൻ നായർ തന്‍റെ ഗുരുതുല്യനായാണ് ബഷീറിനെ കാണുന്നത്. അദ്ദേഹം പറഞ്ഞതുപോലെ, 'കഥകൾ പറഞ്ഞു പറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസം'. അതാണ് ബഷീര്‍
"ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?"
"പ്രിയപ്പെട്ട നാരായണീ. മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല. ആര് എപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുക."
"അല്ല ഞാനായിരിക്കും.."
മതിലുകൾക്കപ്പുറത്ത് നിന്ന് മനസുകളെ തമ്മിലടുപ്പിച്ച ആ സംഭാഷണം മലയാളി മറക്കില്ല. പ്രണയത്തിൻ്റെ മറ്റൊരു തലം. രസകരമായ ശൈലികൾ, ഹാസ്യത്തിലൊളിപ്പിച്ച ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ, അതിശയിപ്പിക്കുന്ന പദപ്രയോഗങ്ങൾ തുടങ്ങി നിരവധിയുണ്ട് മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ ബഷിറിനെ ഓർമിക്കാൻ. പറഞ്ഞ കഥകളിലെല്ലാം, സ്വന്തം ജീവിതവും, ചുറ്റുപാടുകളും ബഷീർ വരച്ചിട്ടു. താൻ കണ്ട കാഴ്ചകളും, മനുഷ്യരുമെല്ലാം അദ്ദേഹത്തിന് കഥകളായി മാറിയപ്പോൾ മലയാള സാഹിത്യം അതുവരെ കാണാത്ത ഒരു സാഹിത്യശാഖയ്ക്ക് തന്നെ സാക്ഷ്യം വഹിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി തുടങ്ങി വിവിധ മേഖലകളിൽ വിലപ്പെട്ടെ സംഭവാനകൾ നൽകിയ, ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ.
എട്ടുകാലി മമ്മൂഞ്ഞും, ഒറ്റക്കണ്ണൻ പോക്കറും, തുരപ്പൻ അവറാനും, ആനവാരി രാമൻ നായരുമെല്ലാം വായനക്കാരുടെ മനസിൽ കുടിയേറിപ്പാർത്തു. ആ കഥകളിൽ കഥാപാത്രമായി ആടും, പൂച്ചയും, പട്ടിയും, കാക്കയുമെല്ലാം കടന്നു വന്നു. പലപ്പോഴും അവർ മനുഷ്യരേക്കാൾ മനോഹരമായി കഥ പറഞ്ഞു. പാത്തുമ്മയുടെ ആട് എന്ന ഒരൊറ്റ കൃതി മതി അതിന് തെളിവ് നൽകാൻ. നാടൻ ഭാഷാപ്രയോഗങ്ങളിലൂടെയാണ് ബഷീർ കഥ പറഞ്ഞത്. പക്ഷെ, അത് നാട്ടിൽ പ്രചാരത്തിലിരുന്ന ഭാഷയിൽ നിന്ന് കുറച്ചേറെ വ്യത്യസ്തമായിരുന്നു. അർത്ഥമില്ലാത്ത വാക്കുകൾക്ക് പോലും വലിയ അർത്ഥം നൽകിയ രചനകൾ വായനക്കാർക്ക് ആസ്വാദനത്തിൻ്റെ പുതുലോകം തന്നെ തുറന്ന് കൊടുത്തു.
ച്ചിരിപ്പടിയോളം, ബുദ്ദൂസ്, ഇമ്മിണി ബല്യ ഒന്ന്, യമണ്ടൻ തുടങ്ങി മലയാളം അതിശയത്തോടെ ചേർത്തുവച്ച നിരവധി പദപ്രയോഗങ്ങളുണ്ട് ബഷീറിൻ്റെ കഥാലോകത്ത്. തീവ്രമായ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുമ്പോഴും ഇത്തരത്തിൽ രസകരമായ കുറിക്ക് കൊള്ളുന്ന വാക്കുകളാണ് ആ ശൈലിയെ വേറിട്ടതാക്കി നിർത്തുന്നത്. 'മാതാവേ കുറച്ച് ശുദ്ധജലം തന്നാലും' എന്ന് പറഞ്ഞപ്പോൾ ഉമ്മ തവി കൊണ്ടു തല്ലിയ സംഭവം പാത്തുമ്മയുടെ ആടിൽ പറയുന്നുണ്ട്. സംസാരഭാഷയും സാഹിത്യഭാഷയും തമ്മിലുളള രസകരമായ സംഘർഷം അവിടെ കാണാം. ഹേ ‘അജസുന്ദരീ’ ഭവതി ആ പുതപ്പു തിന്നരുത്. ആട് വരാന്തയില്‍ കയറിവന്ന് എന്റെകൂടെ ഒരു ‘മിശ്രഭോജനത്തിന്’ ഒരുമ്പെട്ടു. ഞാന്‍ ‘പ്രഖ്യാപിച്ചു’ എന്നിങ്ങനെ ഉദാത്ത സംസ്കൃത പദങ്ങൾ ഉപയോഗിച്ച് ആ സംഘർഷത്തെ കൂടുതൽ മികവുറ്റതാക്കാനും ബഷിറിനു കഴിഞ്ഞിരുന്നു. പട്ടിണിയും, ഭിക്ഷക്കാരും, ജയിൽപ്പുള്ളികളും നിറഞ്ഞ ലോകത്തെക്കുറിച്ച് ബഷീർ എഴുതിയത് ഹാസ്യത്തിൻ്റെ മേമ്പൊടിയോടെയായിരുന്നു. മാപ്പിള ഭാഷയുടെ നവലോകം തന്നെ സൃഷ്ടിച്ച 'ൻ്റെുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' മലയാളിക്ക് മറക്കാനാവാത്ത സാഹിത്യാനുഭവമാണ്.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി വൈക്കത്തെത്തിയ ഗാന്ധിയെ കാണുന്നതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ടുവെന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച 'എന്റെ തങ്കം' ആണ് ബഷീർ ആദ്യം പ്രസിദ്ധീകരിച്ച കഥ. പിന്നീട് പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം, മുച്ചീട്ടുകളിക്കാരൻറെ മകൾ, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ആനപ്പൂട, യാ ഇലാഹി തുടങ്ങി വായനക്കാരെ വിസ്മയിപ്പിച്ച നോവലുകളും, കഥകളുമെല്ലാം മലയാള സാഹിത്യത്തിൻ്റെ യശ്ശസുയർത്തി. അതീവലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ബഷീർ രചനകൾ വായനക്കാരെ രസിപ്പിച്ചെങ്കിലും വിവർത്തകർക്ക് വെല്ലുവിളിയായിരുന്നു. നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഭാർഗ്ഗവീനിലയം. പിന്നീട് ബാല്യകാലസഖിയും, അടൂർ ഗോപാലകൃഷ്ണൻ്റെ സംവിധാനത്തിൽ മതിലുകൾ എന്ന നോവലും സിനിമയായി പ്രേക്ഷകരിലേക്കെത്തി.
"ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി." എഴുത്തുകാരനായതിനെക്കുറിച്ച് ബഷീർ പറഞ്ഞ വാക്കുകളാണിത്. തൻ്റെ സാഹിത്യ ലോകത്തെക്കുറിച്ച് ഒരെഴുത്തുകാരനും പറയാൻ സാധ്യതയില്ലാത്ത വാക്കുകൾ. അതു തന്നെയായിരുന്നു ബഷീറെന്ന കഥാകാരൻ്റെ സവിശേഷതയും. ബേപ്പൂരിലെ വൈലായില്‍ വീടിന്റെ മുറ്റത്ത് ഓരം ചേര്‍ന്നു തണല്‍ വിരിച്ചു നില്ക്കുന്ന മാംഗോസ്റ്റിന്‍ ചുവട്ടില്‍ ചാരുകസാലയില്‍ നിവര്‍ന്നിരുന്ന് അര്‍ദ്ധനഗ്നനായ ആ കഷണ്ടിക്കാരന്‍ കാര്‍ഡ് ബോര്‍ഡില്‍ ചേര്‍ത്തുവച്ച കടലാസില്‍ കുത്തിക്കുറിച്ച കഥകളും കഥാപാത്രങ്ങളും മലയാളികൾ എക്കാലവും നെഞ്ചോട് ചേർത്തുവച്ചു.
നർമ്മത്തിൽ പൊതിഞ്ഞ് അസാധാരണമായി അവതരിപ്പിച്ച സാധാരണ സംഭവങ്ങൾ, വർത്തമാനം പറയും പോലെ കുറിച്ചിട്ട പച്ചയായ ജീവിതങ്ങൾ. ഒരു ചിരിയോടെയല്ലാതെ ഓർക്കാനാകാത്ത കഥാപാത്രങ്ങൾ എല്ലാം അന്നും ഇന്നും വായനക്കാരിൽ നിറഞ്ഞു നിൽക്കുന്നു. വളരെക്കുറച്ച് സൃഷ്ടികൾക്ക് മാത്രം ജീവൻ നൽകിയിട്ടുള്ളൂവെങ്കിലും വിശ്വസാഹിത്യലോകത്ത് തൻ്റേതായ കസേരവലിച്ചിട്ട് ഇരുന്ന സാഹിത്യകാരൻ. ബേപ്പൂർ സുൽത്താൻ എന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവൻ നായർ തന്‍റെ ഗുരുതുല്യനായാണ് ബഷീറിനെ കാണുന്നത്. അദ്ദേഹം പറഞ്ഞതുപോലെ, 'കഥകൾ പറഞ്ഞു പറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസം'. അതാണ് ബഷീര്‍