ഭീകരരെക്കുറിച്ച് അറിയിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ആനന്ദ്‌നാഗ് പൊലീസ്
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ ആനന്ദ്‌നാഗ് പൊലീസ്. 20 ലക്ഷം രൂപയാണ് ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ആനന്ദ്‌നാഗ് പൊലീസ് പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ അറിയിക്കാനുള്ള നമ്പറുകളും ഇ-മെയില്‍ അഡ്രസും പൊലീസ് പങ്കുവെച്ച കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്.
26 പേരാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ നേപ്പാള്‍ പൗരനാണ്. ആക്രമണത്തില്‍ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കശ്മീരി മുസ്ലീം യുവാവും കൊല്ലപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ മുസ്ലീമായതിനാല്‍ ഭീകരവാദികള്‍ യുവാവിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ വിനോദ സഞ്ചാരികളെ വെടിവെക്കുന്നത് കണ്ട് ഭീകരിലൊരാളുടെ തോക്ക് തട്ടിമാറ്റുന്നതിനിടെയാണ് ആദില്‍ ഹുസൈന്‍ എന്ന കുതിര സവാരിക്കാരന്‍ കൊല്ലപ്പെട്ടത്.
സൈനിക വേഷത്തിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്താന്‍ കഴിയുന്ന പ്രദേശമാണ് പഹല്‍ഗാം. ഇവിടേക്ക് ട്രെക്കിങ്ങിനായി എത്തിയവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.