എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ കുമാറും മത്സ്യത്തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്
തിരുവനന്തപുരം മുതലപ്പൊഴിയിലെ മണല്‍ നീക്കത്തിന് പരിഹാരമായി പൊഴി പൂർണ്ണമായി മുറിക്കാൻ തീരുമാനം. അഴിമുഖത്ത് കുന്നുകൂടി കിടക്കുന്ന മണൽ നാളെ മുതൽ കൂടുതൽ എസ്കവേറ്ററുകൾ എത്തിച്ച് നീക്കം ചെയ്യാനും തീരുമാനിച്ചു. ഇവ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ കുമാറും മത്സ്യത്തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കായൽ തീരത്ത് വെള്ളം കയറി ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതത്തെ തുടർന്നാണ് പൊഴി പൂർണമായി മുറിക്കാൻ തീരുമാനമായത്. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം കാര്യക്ഷമമെന്ന് പരിശോധിച്ച ശേഷമേ അനിശ്ചിതകാല സമരം അവസാനിപ്പികൂവെന്ന് സമരസമിതി തീരുമാനിച്ചു.
പൊഴിമുറിക്കൽ, മണൽ നീക്കൽ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കണ്ണൂരിൽ നിന്നുള്ള ഡ്രഡ്ജർ വ്യാഴാഴ്ച തീരത്ത് എത്തിയതിനു ശേഷം പൊഴി പൂർണമായും മുറിക്കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു എന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ചിറയിൻകീഴ് എംഎൽഎ വി. ശശിയുടെ ഓഫീസ് ആക്രമിച്ചത് രൂക്ഷഭാഷയിലാണ് മന്ത്രിമാർ വിമർശിച്ചത്. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തത്. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചപ്പോൾ, അത് സാധ്യമാക്കാത്ത രീതിയിലുള്ള കലാപാവസ്ഥ സൃഷ്ടിച്ചുവെന്നും മന്ത്രിമാർ കുറ്റപ്പെടുത്തി.