സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് 2024 ഏപ്രിലിലാണ് ജോ ബൈഡന്‍ സർക്കാർ ഫെഡറല്‍ നിയമം പാസാക്കിയത്
യുഎസിൽ ടിക്‌ടോക് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി. നിരോധനം തടയണമെന്നാവശ്യപ്പെട്ട ചൈനീസ് കമ്പനിയുടെ അപ്പീല്‍ കോടതി തള്ളി. ഇതോടെ ജനുവരി 19 മുതല്‍ യുഎസില്‍ ടിക്ടോക് നിരോധനം നിലവില്‍ വരുമെന്നാണ് സൂചന. എന്നാൽ നിരോധനം നടപ്പിലാക്കാനുള്ള തീരുമാനം ട്രംപിനു വിട്ടുകൊടുക്കാനാണ് അധികാരമൊഴിയുന്ന ബൈഡന്‍ സർക്കാരിന്‍റെ നീക്കം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് 2024 ഏപ്രിലിലാണ് ജോ ബൈഡന്‍ സർക്കാർ ഫെഡറല്‍ നിയമം പാസാക്കിയത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായി ബന്ധം വിച്ഛേദിച്ചാല്‍ നിരോധനം ഒഴിവാക്കാമെന്നായിരുന്നു നിർദേശം. ഇതിനായി അനുവദിച്ച സമയപരിധി ജനുവരി 19ന് അവസാനിക്കും.
നിരോധനത്തിനെതിരെ ഡിസംബറിൽ വാഷിംഗ്ടൺ ഡിസി ഫെഡറല്‍ കോടതിയെ സമീപിച്ചെങ്കിലും ബൈറ്റ്‌ഡാന്‍സിനെതിരായിരുന്നു കോടതി വിധി. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്രത്തെ ഹനിക്കുന്നതാണ് നിരോധനമെന്ന് കമ്പനി വാദിച്ചു. എന്നാല്‍ സൈബർ സുരക്ഷ സംബന്ധിച്ച യുഎസ് കോണ്‍ഗ്രസിന്‍റെ ആശങ്കയെ പിന്തുണച്ച കോടതി നിരോധനം ശരിവെച്ചു. ഇതോടെയാണ് ബൈറ്റ്‌ഡാന്‍സ് യുഎസ് സുപ്രീംകോടതിയെ അപ്പീലുമായി സമീപിച്ചത്.
ALSO READ: നേറ്റ് ആൻഡേഴ്‌സൺ: ഒരു ഹിന്‍ഡന്‍ബർഗ് കഥ...
ജനുവരി 10ന് അപ്പീലില്‍ വാദം കേട്ട കോടതി വെള്ളിയാഴ്ച കീഴ്‌കോടതി വിധി ശരിവെയ്ക്കുകയാണുണ്ടായത്. ടിക്ടോക് ആവിഷ്കാര സ്വാതന്ത്രത്തിന് അവസരം നല്‍കുന്നു എന്ന കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ ഡാറ്റാ ചോർച്ച, ചാരപ്രവർത്തനം എന്നിങ്ങനെ നിരോധനത്തിന് കാരണമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗുരുതര സൈബർ സുരക്ഷാപ്രശ്നങ്ങള്‍ തള്ളിക്കളയാവുന്നതല്ല. ചൈനീസ് കമ്പനിയുമായുള്ള ബന്ധം തന്നെ നിരോധനത്തിന് മതിയായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ, ജനുവരി 19 മുതല്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. നീക്കം ചെയ്യപ്പെടാത്ത പക്ഷം, ഗൂഗിള്‍- ആപ്പിള്‍ പ്ലേസ്റ്റോറുകള്‍ പിഴയടക്കേണ്ടി വരും. നിലവില്‍ അമേരിക്കയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത 17 കോടി ഉപയോക്താക്കള്‍ക്ക് മറ്റൊരു സോഫ്റ്റ്‌വെയർ അപ്പ്ഡേഷന്‍ വരെയെങ്കിലും ടിക്‌ടോക് ഉപയോഗിക്കാനായേക്കും. അതേസമയം, നിരോധനം നടപ്പിലാക്കുന്നത് നീളുമെന്നും സൂചനയുണ്ട്.
ALSO READ: വിലമതിക്കാനാകാത്ത ഡയമണ്ട് ഗ്രാഫ് വാച്ചും ഇമ്രാന്‍ ഖാന്റെ പതനവും
ജനുവരി 20ന് അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് തുടർനടപടികള്‍ വിട്ടുകൊടുക്കാനാണ് ബൈഡന്‍ സർക്കാരിന്‍റെ തീരുമാനം. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ നിരോധനത്തെ എതിർത്ത് കോടതിയില്‍ നിലപാടെടുത്ത ട്രംപിന്‍റെ കോർട്ടിലാകും ടിക്‌ടോക്കിന്‍റെ ഭാവി. കോടതിവിധിയോട് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ച ട്രംപും, തന്‍റെ ഭരണത്തിനുകീഴില്‍ ടിക്ടോക് നിരോധനം പുനഃപരിശോധിക്കപ്പെടുമെന്ന സൂചനയാണ് നല്‍കിയത്.