വെള്ളിയാഴ്ച രാത്രി അനുരാഗും സുഹൃത്തുക്കളും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു
മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (TISS) വിദ്യാര്‍ഥിയുടെ മരണം റാഗിങ് മൂലമല്ലെന്ന നിഗമനത്തില്‍ പൊലീസ്. ശനിയാഴ്ചയാണ് അനുരാഗ് ജെയ്‌സ്വാള്‍ എന്ന വിദ്യാര്‍ഥി മരണപ്പെട്ടത്. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റാഗിങ്ങിനെ തുടര്‍ന്നാണ് മരണം എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വെള്ളിയാഴ്ച രാത്രി അനുരാഗും സുഹൃത്തുക്കളും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് അനുരാഗ് അമിതമായി മദ്യപിച്ചിരുന്നു.
തിരിച്ച് വീട്ടിലെത്തിയതിനു പിന്നാലെ അബോധാവസ്ഥയിലായി. അനുരാഗിനെ ഉണര്‍ത്താന്‍ മുറിയിലെ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
Also Read: മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; റാഗിങ് എന്ന് സംശയം
പാര്‍ട്ടിയില്‍ പങ്കെടുത്ത 130 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിത മദ്യാപനാണ് മരണകാരണം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനാകൂ.
ലഖ്‌നൗവിലുള്ള അനുരാഗിന്റെ കുടുംബം എത്തിയതിനു ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളൂ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹ്യൂമണ്‍ റിസോഴ്‌സ് വിദ്യര്‍ഥിയാണ് അനുരാഗ്.