സ്ഥലത്ത് ഡോക്ടർമാരും ദുരന്തനിവാരണ സേനയും എത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു
പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരടക്കം 8 പേർ മരിച്ചെന്നും, ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡാർജിലിംഗ് പൊലീസ് അഡിഷണൽ എസ പി അഭിഷേക് റോയ് പറഞ്ഞു.
അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമത്തെത്തിയപ്പോൾ ഗുഡ്‌സ് ട്രെയിൻ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥലത്ത് ഡോക്ടർമാരും ദുരന്തനിവാരണ സേനയും എത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. വടക്കുകിഴക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്.