ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം അംഗീകരിക്കാനാവില്ല. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു
വീട്ടിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെടുത്തതിന് പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം അംഗീകരിക്കാനാവില്ല. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. പ്രമേയത്തിലൂടെയാണ് അലഹബാദ് ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധം.
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കെട്ടുകണക്കിന് പണം കണ്ടെടുത്ത സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ സ്ഥലംമാറ്റം ആദ്യപടി മാത്രമെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സ്ഥലംമാറ്റം അവസാന നടപടിയല്ലെന്ന് വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
സുപ്രീം കോടതി സ്വീകരിക്കുന്ന ആഭ്യന്തര അന്വേഷണ നടപടിക്രമമനുസരിച്ച്, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, ചീഫ് ജസ്റ്റിസ്, ഒരു പ്രാഥമിക അന്വേഷണത്തിന് ശേഷം, ചോദ്യം ചെയ്യപ്പെടുന്ന ജഡ്ജിയുടെ പ്രതികരണം തേടി, വിഷയം അന്വേഷിക്കാൻ മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കും. ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ALSO READ: തീ അണയ്ക്കാനെത്തിയവര്‍ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണം; ഡൽഹി ഹൈക്കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം
അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് ശേഷം ഭരണഘടനയുടെ ആർട്ടിക്കിൾ 124(4)ൻ്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയോട് രാജി വെക്കാൻ ആവശ്യപ്പെടുകയോ സ്ഥാനത്ത് നിന്ന് നീക്കുകയോ ചെയ്തേക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നുവെന്നും സുപ്രീം കോടതിയിലെ സഹ ജഡ്ജിമാരെ ഇക്കാര്യം അറിയിച്ചുവെന്നും വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകുകയായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വർമയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങളുടെ ആവശ്യം. രാജിക്ക് തയ്യാറായില്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും കൊളീജിയം യോഗത്തിൽ ആവശ്യമുയർന്നിരുന്നു. സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ നിർദേശം നൽകിയത്. അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീപിടിത്തമുണ്ടായ സമയത്ത് ജസ്റ്റിസ് യശ്വന്ത് വർമ സ്ഥലത്തില്ലായിരുന്നു. ജഡ്ജിയുടെ കുടുംബാംഗങ്ങളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചത്. തീയണച്ച ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ ഫോഴ്‌സും പൊലീസും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് പണം കണ്ടെത്തിയത്.