അമേരിക്ക പ്രഖ്യാപിച്ച നികുതി നിരക്കിൽ സൗഹൃദം അളന്നാൽ ഇന്ത്യ ട്രംപിന്‍റെ ഹൃദയത്തോട് ഒട്ടും അടുപ്പത്തിലല്ല
ട്രംപിന്‍റെ തിരിച്ചടിത്തീരുവ ഇന്ത്യക്ക് കടുകട്ടിത്തീരുവയായി മാറി. പരസ്പരം ഫ്രണ്ട്സ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വിളിക്കുമെങ്കിലും ആ ആനുകൂല്യം ഇന്ത്യക്കു ലഭിച്ചില്ല. അമേരിക്ക പ്രഖ്യാപിച്ച നികുതി നിരക്കിൽ സൗഹൃദം അളന്നാൽ ഇന്ത്യ ട്രംപിന്‍റെ ഹൃദയത്തോട് ഒട്ടും അടുപ്പത്തിലല്ല. ഇന്ത്യക്കു ചുമത്തിയത് 26 ശതമാനം നികുതി. ദക്ഷിണകൊറിയയ്ക്ക് 25 ശതമാനം. ജപ്പാന് 24 ശതമാനം. യൂറോപ്യൻ യൂണിയന് 20 ശതമാനം. ഇങ്ങനെ അകന്നു നിൽക്കും തോറും കൂടുതൽ നികുതിയാണ് എന്ന് കണക്കാക്കിയാൽ സ്വാഭാവികമായും ചൈനയാണ് ഏറ്റവും അകലെ. 54 ശതമാനം നികുതിയാണ് ചൈനയ്ക്കു ചുമത്തിയിരിക്കുന്നത്.
ഇന്ത്യ വെരി വെരി ടഫ് എന്ന ആ വാചകത്തിൽ തന്നെയുണ്ട് അമേരിക്കയുടെ നിലപാട്. അമേരിക്ക 4170 കോടി ഡോളറിന്‍റെ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യ അതിന്‍റെ ഇരട്ടിവരുന്ന 8245 കോടി ഡോളറിന്‍റെ ഉൽപന്നങ്ങളാണ് അവിടേക്ക് അയച്ചത്.
ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വിപണി അമേരിക്കയാണ്. ഇവിടെ നിന്നുള്ള കയറ്റുമതിയുടെ 17.7 ശതമാനവും അമേരിക്കയിലേക്കാണ്. ഇന്ത്യ അമേരിക്കയിലേക്ക് അയയ്ക്കുന്നതിൽ മുൻപന്തിയിലുള്ളത് മരുന്നുകളും കെമിക്കലുകളുമാണ്. ഇവ രണ്ടിന്‍റേയും ഉൽപാദനം തന്നെ അമേരിക്കയുടെ വിപണിയെ ആശ്രയിച്ചാണ്. അവിടെ നികുതി വർദ്ധിപ്പിച്ചാൽ ഈ കയറ്റുമതിയാണ് നിലയ്ക്കുന്നത്.
നരേന്ദ്രമോദി സർക്കാരിന് 26 ശതമാനം നികുതി അപ്രതീക്ഷിതമായിരുന്നു. സമീപ ദിവസങ്ങളിൽ ട്രംപ് ആഗ്രഹിച്ചതുപോലെ നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഇന്ത്യയോട് ഒട്ടും കരുണകാണിച്ചില്ല. ഇന്ത്യ 17 ശതമാനം ശരാശരി നികുതി അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുമത്തുമ്പോൾ അമേരിക്ക ഇതുവരെ 3.3 ശതമാനം മാത്രമായിരുന്നുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചത്. ഹാർലി ഡേവിഡ്സൺ ബൈക്കിന് ഉൾപ്പെടെ അമേരിക്കയിൽ നിന്നുള്ള 8500 ഉത്പന്നങ്ങൾക്കാണ് ഇന്ത്യ സമീപ ദിവസങ്ങളിൽ നികുതി കുറച്ചത്. ആ തീരുമാനം ഒരു ഗുണവും ചെയ്തില്ലെന്നാണ് ട്രംപിന്‍റെ കടുകട്ടിത്തീരുവ സൂചിപ്പിക്കുന്നത്.
ALSO READ: ട്രംപിനെതിരെ പ്രസംഗിച്ചത് 25 മണിക്കൂർ! യുഎസ് സെനറ്റിൽ പുതിയ റെക്കോർഡിട്ട് കോറി ബുക്കർ
ഇന്ത്യയുടെ അത്ര നികുതിയില്ലെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമെല്ലാം വലിയ പ്രതിസന്ധിയാണ് ഈ തീരുവ ഉണ്ടാക്കുന്നത്. കടുകട്ടിത്തീരുവയിലൂടെ ട്രംപ് യഥാർത്ഥത്തിൽ ചെയ്യുന്നത് ലോക വ്യാപാര കരാർ നടപ്പാക്കുകയാണ്. എല്ലാ രാജ്യങ്ങളും തുല്യ നികുതി ഏർപ്പെടുത്തി ലോകം ഒരു വിപണിയാക്കുക എന്നതായിരുന്നു മൂന്നു പതിറ്റാണ്ടു മുൻപ് ഗാട്ട് കരാർ മുന്നോട്ടുവച്ച ആവശ്യം. അത് ഇന്ത്യപോലെയുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അന്നേ പറഞ്ഞിരുന്നു. അമേരിക്ക ഏർപ്പെടുത്തിയിരുന്ന 3.3 ശതമാനം നികുതി തന്നെ ഇന്ത്യയും ഏർപ്പെടുത്തേണ്ടിവന്നാൽ നമ്മുടെ വിപണിയെല്ലാം അമേരിക്കൻ ഉത്പന്നങ്ങളാൽ നിറയും എന്നതാണ് വലിയ തിരിച്ചടി.