ട്രംപിൻ്റെ വിജയം, ഇലോൺ മസ്കകെന്ന വ്യവസായ ഭീമൻ്റെ വിജയം കൂടിയാണ്. പണവും എക്സ് മാധ്യമത്തിൻ്റെ സ്വാധീനവും എല്ലാം ട്രംപിൻ്റെ വിജയത്തിനു പിന്നിലുണ്ട്
അയോഗ്യതകളെല്ലാം യോഗ്യതകളാക്കി മാറ്റിക്കൊണ്ട് അമേരിക്കയുടെ പ്രസിഡൻ്റാകുന്ന ഡൊണാൾഡ് ട്രംപിൻ്റെ വരവ് ഒരുകാര്യം അച്ചട്ടായി പറയുകയാണ്. ശതകോടീശ്വരനും ടെക് ഭീമനുമായ ഇലോൺ മസ്കിൻ്റെ ഇതുവരെയുള്ള മുതൽ മുടക്കൊന്നും പാഴായിട്ടില്ല. ട്രംപിൻ്റെ വിജയം, ഇലോൺ മസ്കകെന്ന വ്യവസായ ഭീമൻ്റെ വിജയം കൂടിയാണ്. പണവും എക്സ് മാധ്യമത്തിൻ്റെ സ്വാധീനവും എല്ലാം ട്രംപിൻ്റെ വിജയത്തിനു പിന്നിലുണ്ട്. ട്രംപിനു വോട്ടു ചെയ്യുന്നവർക്ക് ക്യാഷ് പ്രൈസ്, ട്രംപ് അനുകൂല രാഷ്ട്രീയ ആക്ഷൻ കമ്മിറ്റിക്ക് 11.8 കോടി ഡോളർ ഇങ്ങനെ പരസ്യമായായിരുന്നു സഹായമെല്ലാം.
അമേരിക്കയുടെ തന്നെ മസ്ക് വൽക്കരണത്തിൻ്റെ തുടക്കമാണ് ഇതെന്നു കരുതുന്നവരും കുറവല്ല. മസ്കിന് സർക്കാരിൽ താക്കോൽ സ്ഥാനം തന്നെ നൽകുമെന്ന് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ജയിക്കുകയാണെന്ന സൂചനകള്‍ വന്നതിനു പിന്നാലെ മസ്കിന്‍റെ ഓഹരികളിലെല്ലാം വലിയ കുതിപ്പാണ്. ഒറ്റ ദിവസം കൊണ്ട് മസ്കിന്‍റെ ആസ്തിയില്‍ 2.22 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുകയുടെ വര്‍ധനയാണ് ഉണ്ടായത്. ആകെ ആസ്തി ഇപ്പോൾ 24.36 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുക. ടെസ്ല ഓഹരികളില്‍ 14.75 ശതമാനം വര്‍ധനയുണ്ടായി.
ടെസ്ലയുടെ കാറുകൾ ഇന്ത്യയിൽ വിൽക്കാൻ മസ്ക് ഏറെക്കാലമായി ശ്രമം തുടങ്ങിയിട്ട്. നികുതി ഇളവിനു വേണ്ടി സമ്മർദവും നടക്കുന്നുണ്ട്. ഇനി ട്രംപും മസ്കും ചേർന്നാകും ഇന്ത്യക്കുമേൽ സമ്മർദം. ടെസ്‌ല ആസൂത്രണം ചെയ്യുന്ന സ്വയം ഓടുന്ന വാഹനങ്ങൾക്കും റോബോടാക്‌സികൾക്കും അനുകൂലമായ നിയമം കൊണ്ടുവരാനാകും ട്രംപിലൂടെ മസ്നുക് ആദ്യം ശ്രമിക്കുക. X AI-ക്കു വേണ്ടിയും മസ്‌കിന് പുതിയ നിയമങ്ങൾ വന്നേക്കും. കമല ഹാരിസാണ് വിജയിച്ചിരുന്നതെങ്കിൽ ട്രംപിനെക്കാൾ നഷ്ടം മസ്കിനാകുമായിരിന്നു. രണ്ടാം ട്രംപ് ഭരണത്തിൻ്റെ നട്ടെല്ല് മസ്കായിരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.