കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിക്കുന്നവർ മാത്രമേ നിയമപരിധിയിൽ ഉൾപ്പെടുകയുള്ളു
സ്ത്രീ സുരക്ഷാ നിയമങ്ങളില്‍ ചരിത്രം സൃഷ്ടിച്ച് യുഎഇ. ബലാത്സംഗത്തിനോ, ബന്ധുക്കളില്‍ നിന്ന് പീഡനത്തിനോ ഇരയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി രാജ്യം. ഇസ്ലാം മത നിയമങ്ങള്‍ പ്രകാരം ഗര്‍ഭച്ഛിദ്രം സങ്കീര്‍ണ്ണമായ വിഷയമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു മുസ്ലീം രാജ്യമെന്ന നിലയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങളില്‍ യുഎഇ സുപ്രധാന ചുവടുവയ്പ് നടത്തുന്നത്.
അമ്മയുടെ ജീവന് അപകടകരമായ സാഹചര്യങ്ങളിലോ ഭ്രൂണത്തിന് കാര്യമായ പ്രശ്‌നങ്ങളോ, അസാധാരണത്വങ്ങളോ ഉള്ള സാഹചര്യങ്ങളിലോ മാത്രമേ മുന്‍പ് ഗർഭച്ഛിദ്രം അനുവദിച്ചിരുന്നുള്ളു. എന്നാല്‍ യുഎഇ കാബിനറ്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഒരു സ്ത്രീയുടെ സമ്മതമില്ലാതെയോ, ബലപ്രയോഗത്തിലൂടെയോ ബലാത്സംഗം ഉണ്ടായാലോ, ബന്ധുക്കളില്‍ നിന്ന് പീഡനത്തിനിരയായി ഗര്‍ഭം ധരിച്ചാലോ ഗര്‍ഭച്ഛിദ്രം അനുവദിക്കും.
അതേസമയം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ അധികാരികളെ അറിയിക്കുകയും, പബ്ലിക് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വഴി തെളിയിക്കുകയും വേണം. കൂടാതെ ഗര്‍ഭച്ഛിദ്രം നടക്കുമ്പോള്‍ ഭ്രൂണ വളര്‍ച്ച 120 ദിവസത്തില്‍ താഴെ മാത്രമായിരിക്കണം എന്നും നിയമം അനുശാസിക്കുന്നുണ്ട്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യുഎഇയില്‍ താമസിക്കുന്നവര്‍ മാത്രമേ നിയമപരിധിയില്‍ ഉള്‍പ്പെടുകയുള്ളു.
നിലവില്‍ ഗള്‍ഫ് രാജ്യത്തെ പീനല്‍ കോഡ് പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം തടവാണ് ശിക്ഷ. അതേസമയം ഇരയ്ക്ക് 18 വയസ്സിന് താഴെ മാത്രം പ്രായമുണ്ടാകുന്ന സാഹചര്യത്തിലോ, മറ്റ് ശാരീരിക വൈകല്യമോ, ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കിലോ അതുമല്ലെങ്കില്‍ കുറ്റവാളി ഇരയുടെ കുടുംബാംഗമോ ആകുന്ന സാഹചര്യത്തില്‍ വധശിക്ഷയാണ് പ്രഖ്യാപിക്കുക.