നീല ട്രോളി ബാഗുമായി വാർത്താസമ്മേളനം നടത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി
പാലക്കാട് നടന്ന പാതിരാ റെയ്ഡിന് പിന്നാലെ വിവാദം ആളിക്കത്തിയതോടെ നീല ട്രോളി ബാഗിലുള്ളത് കള്ളപ്പണമാണെന്ന ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ. കള്ളപ്പണ ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ രാഹുൽ വെല്ലുവിളിക്കുകയും ചെയ്തു. നീല ട്രോളി ബാഗുമായി വാർത്താസമ്മേളനം നടത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി.
ബാഗിൽ പണം കൊണ്ടു പോയെന്ന് തെളിയിക്കണം. രാസ പരിശോധനയ്ക്ക് ബാഗ് വിട്ട് നൽകാൻ തയാറാണ്. പെട്ടിയിലുണ്ടായിരുന്നത് തന്റെ വസ്ത്രങ്ങളായിരുന്നു. അതല്ല അതിനകത്ത് പണമായിരുന്നു എന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ALSO READ: നീല ട്രോളിയുമായി ഫെനി നൈനാൻ, ഷാഫി, ഒപ്പം രാഹുലും; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
എപ്പോഴാണ് വന്നതെന്നും പോയതെന്നും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. ട്രോളി ബാഗില്‍ തന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും തന്റെ കൈവശമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. അതിനാൽ ഫെനി താമസിക്കുന്നത് അതേ ഹോട്ടലിലാണെന്നും രാഹുല്‍ പറഞ്ഞു. കെപിഎം ഹോട്ടല്‍ അധികൃതരും പൊലീസും ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ പല റൂമികളിലേക്ക് പെട്ടി കൊണ്ടുപോയത് താനും ഷാഫി പറമ്പിലും ഡ്രസ് മാറി മാറി ഇടുന്നത് കൊണ്ടാണെന്നാണ് രാഹുലിന്റെ വിശദീകരണം. കൂടാതെ ഇനി കോൺഗ്രസ് മീറ്റിങ് വിളിക്കുമ്പോൾ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നത് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പറഞ്ഞു.