പുനരധിവാസ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാകും
വയനാട് മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിന് സ്റ്റേയില്ല. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാകും.
ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലേയെന്നും ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ, ദുരന്തനിവാരണ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വാദിച്ചു. സുപ്രീം കോടതി വിധിക്ക് എതിരാണ് സര്‍ക്കാര്‍ നടപടിയെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വാദിച്ചിരുന്നു.
മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം.
ഏപ്രിൽ 11നാണ് വയനാട് മാതൃകാ ടൗൺഷിപ്പിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ ടീ എസ്റ്റേറ്റ് ഭൂമിക്ക് 17 കോടി കൂടി കെട്ടിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ കെട്ടിവെച്ച 26 കോടിക്ക് പുറമെ 17 കോടി കൂടി കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് കോടതി നിർദേശം. 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ പുനരധിവാസ ടൗൺഷിപ്പ് നിർമാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് സർക്കാർ ബോർഡ് എസ്റ്റേറ്റിൽ സ്ഥാപിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.