യുദ്ധശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, റഷ്യ അടുത്തിടെ ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിന് മറുപടിയായാണ് ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചത്
ബ്രിട്ടീഷ്-ഫ്രാൻസ് നിർമിത സ്റ്റോം ഷാഡോ മിസൈലുകൾ റഷ്യയിലേക്ക് പ്രയോഗിച്ച് യുക്രെയ്ൻ. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സ്റ്റോം ഷാഡോ മിസൈലുകൾ യുക്രൈൻ പ്രയോഗിക്കുന്നത്. അതേ സമയം, ബ്രിട്ടൺ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, റഷ്യ അടുത്തിടെ ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിന് മറുപടിയായാണ് ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചത്.
അമേരിക്കൻ നിർമിത അറ്റാക്കംസ് മിസൈലുകൾ റഷ്യയിൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് നിർമിത മിസൈലുകളും, റഷ്യയിൽ പ്രയോഗിച്ചുവെന്ന വിവരം പുറത്തുവരുന്നത്. അമേരിക്കൻ മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകിയതിന് പിന്നാലെ ബ്രിട്ടനും സമാന നിലപാട് സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
12 മിസൈലുകളോളം മരിനോയിലെ കമാൻഡ് ഹെഡ്ക്വാട്ടേഴ്സിലേക്ക് പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതേ സമയം, ബ്രിട്ടൺ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വാർത്താ സമ്മേളനത്തിൽ യുകെ-ഫ്രഞ്ച് നിർമ്മിത മിസൈലുകളുടെ ഉപയോഗം സ്ഥിരീകരിക്കാനോ നിരസിക്കാനോ യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റെം ഉമെറോവ് വിസമ്മതിച്ചു. റഷ്യയെ ലക്ഷ്യമിട്ട് യുക്രെയ്ൻ സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചോ എന്ന് ഉമെറോവിനോട് ചോദിച്ചപ്പോൾ, "നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നു, അതിനാൽ ഞങ്ങൾ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാൽ ഞങ്ങൾ കഴിവുള്ളവരും പ്രതികരിക്കാൻ കഴിവുള്ളവരുമാണെന്ന് അറിയിക്കുന്നു," എന്നും പ്രതികരിച്ചു.