അപകടത്തിന് ശേഷം ഇതാദ്യമായാണ് എംഎൽഎ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമാ തോമസ് എംഎൽഎ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തു. കാക്കനാട് ഐഎംജി ജംഗ്ഷനിലെ തൃക്കാക്കര നഗരസഭയുടെ ഓപ്പൺ ജിം ഉമാ തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഒരു മാസത്തെ ആയുർവേദ ചികിത്സക്കായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അപകടത്തിന് ശേഷം ഇതാദ്യമായാണ് എംഎൽഎ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
ALSO READ: കേരള സർവകലാശാല ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവം: എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് 'മൃദംഗനാദം' മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 13 നാണ് ആശുപത്രി വിട്ടത്. കൊച്ചി റിനെ മെഡിസിറ്റി ആശുപത്രിയിലായിരുന്നു എംഎൽഎ ചികിത്സയിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ ആശുപത്രിയിലും, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഉമാ തോമസിനെ വീട്ടിലെത്തിയും സന്ദർശിച്ചിരുന്നു.