കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എകറ്റെറിൻബർഗിൽ വെച്ചാണ് കരേലിന അറസ്റ്റിലായത്
ക്സെനിയ കരേലിന
റഷ്യയിൽ തടവിലാക്കപ്പെട്ടിരുന്ന യുഎസ്-റഷ്യൻ ഇരട്ട പൗരത്വമുള്ള ക്സെനിയ കരേലിനയെ മോചിപ്പിച്ചു. അബുദാബിയില്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിലാണ് കരേലിനയെ വിട്ടയച്ചത്. യുക്രെയ്നായി പണം സമാഹരിച്ചു എന്നാരോപിച്ചാണ് കരേലിനയെ തടവിലാക്കിയത്. ഒരു വർഷത്തിലേറെയായി ഇവരെ റഷ്യ അനധികൃതമായി തടവില്‍ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് മോചനം സാധ്യമാക്കിയതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സില്‍ കുറിച്ചു. ലോസ് ആഞ്ചൽസിൽ താമസിച്ചിരുന്ന കരേലിന ബ്യൂട്ടീഷ്യനും മുൻ ബാലെ നർത്തകിയുമാണ്.
കരേലിന അബുദാബിയിൽ നിന്ന് യുഎസിലേക്ക് 'പറക്കുകയാണ്' എന്ന് അഭിഭാഷകൻ മിഖായേൽ മുഷൈലോവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എകറ്റെറിൻബർഗിൽ വെച്ചാണ് കരേലിന അറസ്റ്റിലായത്. യുക്രെയ്ന്‍ സൈന്യത്തിനായി പണം സ്വരൂപിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ഓഗസ്റ്റിൽ ഇവർക്ക് 12 വർഷം തടവും വിധിച്ചു. യുക്രെയ്‌ന് സഹായം അയയ്ക്കുന്ന യുഎസ് ചാരിറ്റിയായ റാസോമിന് 51 ഡോളർ സംഭാവന നൽകിയതിനാണ് കരേലിനയുടെ മേല്‍ കുറ്റം ചുമത്തിയതെന്നാണ് ആരോപണം. കരേലിനയ്ക്ക് പകരമായി, ജർമ്മൻ-റഷ്യൻ പൗരനായ ആർതർ പെട്രോവിനെ യുഎസ് മോചിപ്പിച്ചതായാണ് റിപ്പോർട്ട്. 2023 ൽ സൈപ്രസിൽ വച്ചാണ് യുഎസ് ആവശ്യപ്പെട്ടത് പ്രകാരം പെട്രോവിനെ അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് സെൻസിറ്റീവ് മൈക്രോ ഇലക്ട്രോണിക്‌സ് കയറ്റുമതി ചെയ്തതെന്ന് ആരോപിച്ചായിരുന്നു പെട്രോവിനെ അറസ്റ്റ് ചെയ്തത്.
Also Read: തിരിച്ചടി തീരുവ മരവിപ്പിച്ച് ട്രംപ്; ഇളവ് ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മാത്രം
ഇത് ആദ്യമായല്ല റഷ്യ-യുഎസ് തടവുകാരുടെ കൈമാറ്റത്തിന് അബുദാബി വേദിയാകുന്നത്. 2022 ഡിസംബറിൽ റഷ്യയും യുഎസും തമ്മിൽ സുപ്രധാനമായ തടവുകാരുടെ കൈമാറ്റം അബുദാബിയില്‍ വെച്ചാണ് നടന്നത്. യുഎസ് ബാസ്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രിനറിനെയാണ് റഷ്യൻ ആയുധ വ്യാപാരിയായ വിക്ടർ ബൗട്ടിനു പകരമായി അന്ന് കൈമാറിയത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിലും യുഎഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. അതേസമയം ,2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്നില്‍ നിന്ന് പലായനം ചെയ്ത നിരവധി റഷ്യക്കാർക്കും യുക്രെയ്ന്‍കാർക്കും ദുബായ് സുരക്ഷിത സ്ഥാനമായിരുന്നു.