പെണ്‍കുട്ടികൾക്ക് കള്ള് വാങ്ങി നൽകിയിരുന്നതായും പ്രതി പറയുന്നു
എറണാകുളം പെരുമ്പാവൂർ കുറുപ്പംപ്പടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതിയായ അയ്യമ്പുഴ സ്വദേശി ധനേഷ് കുട്ടികളെ പീഡിപ്പിച്ചത് ഉത്തേജക ഗുളിക നൽകി. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഈ കാര്യം വെളിപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്താണ് ധനേഷ്. കേസില്‍ അമ്മയും പ്രതിയാണ്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് ധനേഷിനെ കസ്റ്റഡിയിൽ വാങ്ങിയത്.
Also Read: ഉപ്പുതറയിൽ ഒരു കുടുംബത്തിൽ നാല് പേർ ജീവനൊടുക്കിയ നിലയിൽ; കടബാധ്യത മൂലമെന്ന് നിഗമനം
പെണ്‍കുട്ടികൾക്ക് കള്ള് വാങ്ങി നൽകിയിരുന്നതായും പ്രതി പറയുന്നു. മദ്യം കുടിക്കാന്‍ പെൺകുട്ടികളെ അമ്മ പ്രേരിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ അമ്മ അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി. പെരുമ്പാവൂർ എഎസ്‌പി ശക്തി സിംഗ് ആര്യക്ക് ആണ് ഇപ്പോൾ ഈ കേസിന്റെ അന്വേഷണ ചുമതല. പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പീഡന വിവരം മൂന്ന് മാസമായി പെണ്‍കുട്ടികളുടെ അമ്മയ്ക്ക് അറിയാമെന്നായിരുന്നു മുന്‍പ് ധനേഷ് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ പ്രതി ചേർത്തത്. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോർട്ട്.
Also Read: വിതുര - ബോണക്കാട് വനത്തിൽ പുരുഷൻ്റെ ശരീരഭാഗങ്ങൾ; കണ്ടെത്തിയത് മൂന്ന് സ്ഥലങ്ങളിൽ
കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതി രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ അമ്മയെ കാണാനെത്തുന്ന സമയങ്ങളിലാണ് ഇയാൾ ലൈംഗിക ചൂഷണം ചെയ്‌തത്. പെൺകുട്ടികളോട് അവരുടെ സുഹൃത്തുക്കളെ എത്തിച്ചു നൽകാൻ ഇയാൾ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടർന്ന് പെൺകുട്ടികളിലൊരാൾ തന്‍റെ സുഹൃത്തിന് ഇതുമായി ബന്ധപ്പെട്ടെഴുതിയ കത്താണ് കേസിൽ വഴിത്തിരിവായത്. കത്തിനെക്കുറിച്ച് ഇതേ ക്ലാസിലെ അധ്യാപികയുടെ മകൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തി. അധ്യാപിക നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.