അന്ധവിശ്വാസത്തിലുള്ള അമിതമായ ആത്മവിശ്വാസമാണ് മലപ്പുറത്തെ ആ അമ്മയുടെ മരണത്തിനു കാരണമായത്. അത് അബദ്ധമായോ അറിവില്ലായ്മയായോ എഴുതിത്തള്ളാന്‍ കഴിയില്ല
വീട്ടിലെ പ്രസവവും, വാക്‌സിന്‍ വിരുദ്ധതയും, ചികിത്സയോടുള്ള വിരോധവും ഒരു മാനസിക പ്രശ്‌നമാണ്. അത് അമിത ആത്മവിശ്വാസവും അന്ധവിശ്വാസവും ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് അറിയാത്ത പാവങ്ങളാണ് ഇതില്‍ ചെന്നുവീഴുന്നത്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. അക്യുപംക്ചര്‍ എന്നും പ്രകൃതി ചികിത്സയെന്നുമൊക്കെയുള്ള പേരില്‍ ഒളിച്ചുകടത്തുന്ന ദുശ്ശീലങ്ങള്‍ക്ക് എല്ലാ മതവിഭാഗത്തിലുള്ളവരും ഇരയാകുന്നുണ്ട്. ആധുനിക വൈദ്യവും വെറും വിശ്വാസമാണെന്ന് ഇവര്‍ പറഞ്ഞുകളയും. ആധുനികവൈദ്യത്തിലും മരണങ്ങളുണ്ടാകുന്നില്ലേ എന്നു ചോദിച്ചുകളയും. 30 വര്‍ഷവും നാല്‍പ്പതുവര്‍ഷവും മാത്രം ആയുസ്സുണ്ടായിരുന്ന നമ്മുടെ മനുഷ്യരെ 75ന് മുകളില്‍ എത്തിച്ചത് ആധുനിക വൈദ്യമാണ്. പ്രസവത്തോടെ പകുതി കുഞ്ഞുങ്ങളും മരിച്ചിരുന്നതാണ്. 25 ശതമാനം അമ്മമാരും മരിച്ചിരുന്ന കാലമുണ്ടായിരുന്നു. ആ അനുഭവങ്ങളാണ് ഇവിടെ തിരുത്താന്‍ കഴിഞ്ഞത്.
അന്ധവിശ്വാസം കൊലയ്ക്കുകൊടുക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും
ആയിരം പ്രസവം നടക്കുമ്പോള്‍ കേരളത്തില്‍ 5.06 അനുപാതത്തില്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത്. അമേരിക്കയിലെ ലോസ് ഏഞ്ചലസിലും അരിസോണയിലുമൊക്കെയുള്ള അതേ അനുപാതമാണ് ഇങ്ങ് കേരളത്തിലും. രാജ്യത്ത് 26 കുഞ്ഞുങ്ങള്‍ ഓരോ ആയിരം പ്രസവത്തിലും മരിക്കുന്നുണ്ട്. കേരളത്തില്‍ അത് ഈനിലയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവുകൊണ്ടാണ്. ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ ഇവിടെ 19 അമ്മമാര്‍ മാത്രമാണ് മരിക്കുന്നത്. രാജ്യത്ത് ഒരു ലക്ഷം പ്രസവത്തില്‍ 103 പേര്‍ മരിക്കുമ്പോള്‍ കേരളത്തില്‍ 19 മാത്രം എന്നത് പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന കണക്കാണ്. ആ നേട്ടത്തിനും നന്ദിപറയേണ്ടത് ആധുനിക വൈദ്യശാസ്ത്രത്തോടും നമ്മുടെ ശാസ്ത്രാഭിമുഖ്യത്തോടുമാണ്. ആധുനിക വൈദ്യമല്ലാതെ അന്ധവിശ്വാസം രക്ഷിച്ച ഒരു കേസുപോലും തെളിവായി മുന്നിലില്ലാത്ത സ്ഥിതിക്ക് ആ വഴിക്കു നടക്കുക മാത്രമാണ് അഭികാമ്യം.
Also Read: ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?
അന്ധവിശ്വാസത്തിലെ ആത്മവിശ്വാസം
അന്ധവിശ്വാസത്തിലുള്ള അമിതമായ ആത്മവിശ്വാസമാണ് മലപ്പുറത്തെ ആ അമ്മയുടെ മരണത്തിനു കാരണമായത്. അത് അബദ്ധമായോ അറിവില്ലായ്മയായോ എഴുതിത്തള്ളാന്‍ കഴിയില്ല. കൊടിയ കുറ്റകൃത്യം തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രസവം ആശുപത്രിയിലാണ് നടക്കേണ്ടത് എന്ന് അറിവില്ലാത്തവരല്ല ആ കുടുംബം. അവരുടെ ആദ്യ രണ്ടു പ്രസവവും ആശുപത്രിയില്‍ തന്നെയാണ് നടന്നത്. കുറ്റകരമായ പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന് അറിവുള്ളതിനാലാണ് ആശാ വര്‍ക്കറോട് മൗനം പാലിച്ചത്. ഗര്‍ഭിണിയല്ലെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നുമാണ് വന്നന്വേഷിച്ച ആശാ വര്‍ക്കര്‍ക്കു നല്‍കിയ മറുപടി. സര്‍ക്കാര്‍ സംവിധാനം ആ വീട്ടിലേക്ക് എത്താത്തതുകൊണ്ടല്ല ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വ്യക്തം. ഇവരുടെ സ്വയം ചികിത്സയോട് ബന്ധുക്കള്‍ ഉള്‍പ്പെടെ എതിരായിരുന്നു എന്നതിന് തെളിവാണ് മൃതദേഹം പെരുമ്പാവൂരെ വീട്ടില്‍ എത്തിച്ചപ്പോഴുള്ള പ്രതികരണം. ചുട്ടകോഴിയെ പറപ്പിക്കും എന്ന് അവകാശപ്പെടുന്ന പ്രതിയോട് സ്വന്തം ജീവിതപങ്കാളിക്ക് ജീവന്‍ നല്‍കാനാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കുറ്റകൃത്യമാണ് നടന്നത് എന്ന് ബോധ്യമുള്ളതിനാലാണ് രാത്രിക്കു രാത്രി ആംബുലന്‍സില്‍ മൃതദേഹം ഭാര്യയുടെ നാട്ടിലേക്കു കൊണ്ടുവന്നത്. ആരെയും അറിയിക്കാതെ ഖബറടക്കാനാണ് നീക്കം നടത്തിയത്. ഈ മരണവുമായി ബന്ധപ്പെട്ടു നടന്നതെല്ലാം കൊടിയ കുറ്റകൃത്യങ്ങളാണെന്നതിന് ഇതിനപ്പുറം തെളിവുകള്‍ വേണ്ട.
Also Read: എന്തിനായിരുന്നു ഈ വഖഫ് നിയമം?
ഇതെങ്ങനെ വിശ്വാസത്തിന്റെ പരിധിയില്‍ വരും
വിശ്വാസത്തിനും ജീവിതത്തിനും ഒരു പരസ്പരമൊരു അതിരുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വിശ്വാസം കടന്നു കയറിയാല്‍ പിന്നെ ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാകും. കേരളം ഓരോ മേഖലയിലും ഉണ്ടാക്കിയിരിക്കുന്ന നേട്ടങ്ങള്‍ നോക്കുക. ഇവിടെ ബെര്‍ത്ത് റേറ്റ് അഥവാ ജനനനിരക്ക് 11.94 ആണ്. ആയിരംപേര്‍ക്ക് 11.94 ജനനം എന്നാണ് ഈ കണക്ക്. 1967ല്‍ ബെര്‍ത്ത് റേറ്റ് ഇവിടെ 20.69 ആയിരുന്നു. ശിശുമരണ നിരക്ക് ആയിരത്തിന് 20.93 ആയിരുന്നു. അതാണ് 5.06 എന്ന നിലയിലേക്കു താഴ്ന്നത്. 1967ല്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 84 അമ്മമാര്‍ ഇവിടെ മരിച്ചിരുന്നു. ഇപ്പോഴത് 19 മാത്രമാണ്. ഇങ്ങനെ ശിശു മരണനിരക്കിന്റേയും മാതൃ മരണ നിരക്കിന്റേയും ഏതു കണക്കുകള്‍ എടുത്താലും കേരളം മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യം ഇവിടെ ഉണ്ടായത് ഓരോ താലൂക്ക് ആശുപത്രികളിലും ഉള്ള മികച്ച സൗകര്യങ്ങള്‍ കൊണ്ടാണ്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉള്ളവയാണ് കേരളത്തിലെ ഓരോ താലൂക്ക് ആശുപത്രിയും. താലൂക്ക് ആശുപത്രികളില്‍ സാധിക്കാത്തവയാണെങ്കില്‍ സര്‍വസജ്ജമായ മെഡിക്കല്‍ കോളജുകള്‍ ഉണ്ട്. സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല മലപ്പുറത്ത് നടന്നതുപോലുള്ളവ ആവര്‍ത്തിക്കുന്നത്.
മതപ്രചാരണത്തിന്റെ അന്ധമായ വഴികള്‍
ഏതുമതത്തില്‍ വിശ്വാസിക്കാനും പിന്‍തുടരാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഹാദിയ കേസില്‍ സുപ്രീംകോടതി ആവര്‍ത്തിച്ച് ഉറപ്പിച്ചതുമാണ്. പക്ഷേ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം അന്ധവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമല്ല. പ്രാര്‍ത്ഥനയ്ക്കുള്ള സ്വാതന്ത്ര്യം ചികില്‍സയ്ക്കുള്ള ലൈസന്‍സല്ല. ചികിത്സയും പരിചരണവും നടത്താന്‍ യോഗ്യതയുള്ളവര്‍ തന്നെ വേണം. മതത്തിലെ ഏതെങ്കിലും ഭാഗം തെറ്റായി വ്യാഖ്യാനിച്ച് സ്വയം ചികിത്സ നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുക തന്നെ വേണം. സിറാജുദ്ദീന്‍ ഇപ്പോള്‍ അമ്മയില്ലാതാക്കിയത് ജനിച്ച ആ കുട്ടിക്കുമാത്രമല്ല. മുന്‍പുണ്ടായ നാലുകുഞ്ഞുങ്ങള്‍ക്കു കൂടിയാണ്. ആ കുഞ്ഞുങ്ങളുടെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ആരു മേല്‍നോട്ടം വഹിക്കും. അവര്‍ പ്രായപൂര്‍ത്തിയാകുന്നതുവരെയും സ്വന്തമായി പെരുമാറാന്‍ പഠിക്കുന്നതുവരെയും ആര് അവരെ നയിക്കും. വാക്‌സിന്‍ എടുക്കാതെ കുഞ്ഞുങ്ങള്‍ക്കു പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന രക്ഷിതാക്കള്‍ക്കു കൂടിയുള്ളതാണ് ഈ മുന്നറിയിപ്പ്.