ആദ്യമായാണ് ഗവർണറുടെ പ്രതിനിധിയെ സെർച്ച് കമ്മറ്റിയിൽ നിന്നും ഒഴിവാക്കുന്നത്
രാജേന്ദ്ര അർലേക്കർ
വെറ്ററിനറി സർവകലാശാല വിസി നിയമനത്തില്‍ ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സെർച്ച് കമ്മിറ്റി യോഗം. ഏപ്രിൽ 15ന് ആണ് സെർച്ച് കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ ശുപാർശ ഗവർണർ തള്ളാനാണ് സാധ്യത. ആദ്യമായാണ് ഗവർണറുടെ പ്രതിനിധിയെ സെർച്ച് കമ്മറ്റിയിൽ നിന്നും ഒഴിവാക്കുന്നത്. 2025 യുജിസി കരട് റെഗുലേഷൻ നിയമമാകുന്നതിന് മുമ്പ് വിസിയെ നിയമിക്കാനാണ് സർക്കാർ നീക്കമെന്നാണ് ആക്ഷേപം.
അഞ്ചംഗങ്ങളാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. കേരള സർവകലാശാല മുന്‍ വിസി ഡോ. ഇക്ബാലാണ് കമ്മിറ്റിയുടെ കണ്‍വീനർ. സംസ്ഥാന സർക്കാർ പ്രതിനിധിയായി കാർഷിക സർവകലാശാല മുന്‍ വിസി പി. രാജേന്ദ്രന്‍, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധിയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്‍റർ ഫോർ ഇക്കോളജിക്കല്‍ സയന്‍സ് മുന്‍ പ്രൊഫസർ ഡോ. രാമന്‍ സുകുമാർ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസർച്ചിന്‍റെ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ (ആനിമല്‍ സയന്‍സ്) ഡോ. രാഘവേന്ദ്ര ഭട്ട, യുജിസ് പ്രതിനിധിയായി നീലിമ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങള്‍. 12ല്‍ അധികം അപേക്ഷകളാണ് വൈസ് ചാന്‍സലർ സ്ഥാനത്തേക്ക് ലഭിച്ചിരിക്കുന്നത്. വൈസ് ചാന്‍സലർ നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ ബില്ലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയെ നിയമിച്ചത്. നിയമസഭയില്‍ പാസാക്കിയെങ്കിലും ഈ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.
Also Read: സിദ്ധാർഥൻ്റെ മരണം: പ്രതികളായ 19 വിദ്യാര്‍ഥികളെയും പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
വിസി നിയമനവുമായി ബന്ധപ്പെട്ട് മുന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന സർക്കാരിന് അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് വെറ്ററിനറി സർവകലാശാലയില്‍ വൈസ് ചാൻസിലർക്കായി വിജ്ഞാപനം പുറത്തിറക്കിയത്. ഗവർണറെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയുടേതായിരുന്നു വിജ്ഞാപനം. സർവകലാശാലകളിലെ പത്ത് വർഷ പ്രൊഫസർഷിപ്പോ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ പത്ത് വർഷം അക്കാദമിക ചുമതലയിൽ പ്രവൃത്തി പരിചയമുള്ളവർക്കോ അപേക്ഷിക്കാമെന്നായിരുന്നു വിജ്ഞാപനം. അപേക്ഷകള്‍ ലഭിച്ചതിനു ശേഷം സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദേശിക്കുന്ന പാനലിൽ നിന്നാകും നിയമനം നടത്തുകയെന്നാണ് അറിയിച്ചിരുന്നത്. സെപ്റ്റംബർ 28നാണ് സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
2025 യുജിസി കരട് റെഗുലേഷൻ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സലർ കൂടിയായ ഗവർണർക്കായിരിക്കും. വിദഗ്‌ധർ അംഗങ്ങളായ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നുമായിരുന്നു 2018ലെ യുജിസി മാർഗനിർദേശം. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ നിയമം വരുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ നിയമം ബാധകമാണ്.