സർക്കാർ അനുകൂല പോസ്റ്റുകളിടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് 3 ലക്ഷം മുതൽ 8 ലക്ഷം വരെ പ്രതിഫലം ഓഫർ ചെയ്യുന്നുണ്ട്
യോഗി ആദിത്യനാഥ്
വിവാദപരമായ നിർദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാരിൻ്റെ പുതിയ ഡിജിറ്റൽ മീഡിയ നയം പുറത്തുവന്നു. രാജ്യവിരുദ്ധ പോസ്റ്റ് ഇടുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകും എന്നതടക്കം നിരവധി വിവാദ നിർദേശങ്ങളാണ് യോഗി സർക്കാരിൻ്റെ പുതിയ നയത്തിലുള്ളത്. സർക്കാർ അനുകൂല പോസ്റ്റുകളിടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് 3 ലക്ഷം മുതൽ 8 ലക്ഷം വരെ പ്രതിഫലം ഓഫർ ചെയ്യുന്നുണ്ട്. നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി.
ആക്ഷേപകരമായ പോസ്റ്റുകൾക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നതാണ് യുപി സർക്കാരിൻ്റെ പുതിയ ഡിജിറ്റൽ മീഡിയ നയം. അംഗീകരിക്കാനാകാത്ത ഉള്ളടക്കമുള്ള എന്തെങ്കിലും കണ്ടൻ്റ് അപ്‍ലോഡ് ചെയ്താൽ അവർക്കെതിര നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്ത് തന്നെയായാലും അതിൻ്റെ ഉള്ളടക്കം ദേശവിരുദ്ധമോ അശ്ലീലമോ അധിക്ഷേപമോ ആകരുതെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു.
ഫോളോവേഴ്സിൻ്റെയും സബ്സ്ക്രൈബേഴ്സിന്റെയും അടിസ്ഥാനത്തിൽ, ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്ന ഇൻഫ്ലുവൻസേഴ്സിനും യൂട്യൂബർമാർക്കും അവരുടെ സ്വാധീനത്തിൻ്റെയും നൽകുന്ന ജോലിയുടേയും അടിസ്ഥാനത്തിൽ വലിയ പ്രതിഫലമാണ് സർക്കാർ ഓഫർ ചെയ്തിരിക്കുന്നത്. അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെ പ്രതിമാസം പ്രതിഫലം ലഭിക്കാം എന്ന രീതിയിലാണ് പ്രതിഫല നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമാണ് പുതിയ നയമെന്ന് കാബിനറ്റ് യോഗത്തിന് ശേഷം ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് പ്രസാദ് പറഞ്ഞു. അതേസമയം സർക്കാർ വിരുദ്ധ പ്രതികരണങ്ങളെ വിലക്കാനും സർക്കാരിൻ്റെ പ്രവർത്തനവും നയവും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആസൂത്രണം ചെയ്താണ് നയം പുറത്തിറക്കിയത്.
READ MORE: കനത്ത മഴ; ഗുജറാത്തിൽ വീണ്ടും പാലം തകർന്നു, വീഡിയോ