മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്ന് സഭ ചേര്‍ന്നത്
തൃശൂര്‍ പൂരം കലക്കലില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് സഭാ ചരിത്രത്തില്‍ ആദ്യമാണ്.
പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയം പന്ത്രണ്ട് മണിക്ക് ചര്‍ച്ച ചെയ്യും. പൂരം കലക്കിയതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Also Read: കയ്യില്‍ ചുവന്ന തോര്‍ത്തും ഡിഎംകെ ഷാളുമായി അൻവർ നിയമസഭയിൽ; സീറ്റ് മുസ്ലീം ലീഗിനൊപ്പം
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്ന് സഭ ചേര്‍ന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാറി നില്‍ക്കുന്നത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, തൃശൂര്‍ പൂര വിവാദത്തില്‍ വനം വകുപ്പിനെതിരെ പരാതി നല്‍കി പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് സംയുക്തമായാണ് ഇരു ദേവസ്വങ്ങളും ഇന്നലെ പരാതി നല്‍കിയത്. പൂരം കലക്കിയതിന് പിന്നിലുള്ള വനം വകുപ്പ് ഗൂഡാലോചനകള്‍ അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ് അരുണ്‍, വനം വകുപ്പ് ഗവണ്‍മെന്റ് പ്ലീഡര്‍ നാഗരാജ് നാരായണന്‍ എന്നിവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നാട്ടാന പരിപാലന ചട്ടങ്ങളുടെ കരട് ഭേദഗതി പിന്‍വലിക്കണം, 2012 ലെ ചട്ടങ്ങള്‍ പുനസ്ഥാപിക്കണം, വനം വകുപ്പ് പ്ലീഡറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍.