പാലിസേഡ്സിലുണ്ടായ തീപിടിത്തത്തിൽ 23,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു
ലോസ് ആഞ്ചലസിനെ ഉലച്ച കാട്ടുതീ നിയന്ത്രണവിധേയമായില്ല. കാട്ടുതീയെ തുടർന്ന് മരിച്ചവരുടെ എണ്ണം 25ആയി. സാന്‍റാ ആനാ ഉഷ്ണക്കാറ്റ് ശക്തിയാർജ്ജിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രദേശങ്ങളിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലിസേഡ്സിലുണ്ടായ തീപിടിത്തത്തിൽ 23,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കെടുത്താൽ 14% ത്തോളം കത്തിയമർന്നുവെന്നാണ് പറയുന്നത്.
കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന അറിയിപ്പ് വന്നതിന് പിന്നാല അടിയന്തര തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്ക് ശേഷം കാറ്റിൻ്റെ വേഗത കുറയുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്നാണ് വിലക്കയറ്റം, ഇൻ്റർനെറ്റ് തട്ടിപ്പുകൾ, അഗ്നിശമന വിമാനങ്ങളെ തടസ്സപ്പെടുത്തുന്ന ഡ്രോണുകൾ എന്നിവയ്‌ക്കെതിരെയും നിയമപാലകർ മുന്നറിയിപ്പ് നൽകി.
ALSO READ: അധികാരമേൽക്കാൻ ഇനി ദിവസങ്ങൾ മാത്രം; ചടങ്ങ് ചരിത്രസംഭവമാക്കാൻ ഡൊണാൾഡ് ട്രംപ്
വൈദ്യുതി കമ്പനിയായ സതേൺ കാലിഫോർണിയ എഡിസണിനെതിരെ (എസ്‌സിഇ) തീപിടുത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ പരാതി നൽകിയതിനെ തുടർന്ന് രണ്ട് കേസുകൾ ഫയൽ ചെയ്തു. ശക്തമായ കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഊർജ്ജം ഇല്ലാതാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. എസ്‌സിഇ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ ലഭിച്ചാൽ അത് അവലോകനം ചെയ്യുമെന്നും കമ്പനി വക്താവ് പറഞ്ഞു.
കാട്ടുതീ ഉണ്ടായതിൽ പിന്നെ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം കൂടുതലായി നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വരും ദിവസങ്ങളിൽ പ്രദേശം സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കാലിഫോർണിയയിൽ ദൗത്യത്തിനായി കൂടുതൽ പേരുടെ സഹായം വേണമെങ്കിൽ അത് ഉടൻ സജ്ജമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. നിരപരാധികളായ 24 പേരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കേൾക്കുമ്പോൾ ഹൃയം നുറുങ്ങുന്ന വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ പ്രദേശവാസികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. “എല്ലാവരും തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കണമെന്ന് ഞാൻ കരുതുന്നു”, തീപിടുത്തത്തിൽപ്പെട്ടവർക്ക് വെള്ളം വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ട നടനും ഹാസ്യനടനുമായ വിൽ ആർനെറ്റ് പറഞ്ഞു. ആർനെറ്റ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
പസഫിക് പാലിസേഡിലെ റസ്റ്റോറൻ്റ് ഉടമയായ 24കാരനായ ഫർദാദ് ഖയാമി തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ട നൂറുകണക്കിന് ആളുകൾക്കും, രക്ഷാപ്രവർത്തകർക്കും ഭക്ഷണം വിതരണം ചെയ്തു. പുറമേ നിന്നു നോക്കിയാൽ ഒരു സാധാരണ നഗരം കെട്ടിപ്പടുക്കുന്നതായിട്ടേ തോന്നുകയുള്ളു. എന്നാൽ പടിഞ്ഞാറ് ഭാഗത്തോട്ട് പോയി നോക്കിയാൽ അത് മറ്റൊരു ലോകമാണെന്ന് തോന്നുമെന്ന് ഫർദാദ് ഖയാമി പറഞ്ഞു.