വ്യാപകമായി പടര്‍ന്ന് പിടിച്ച പക്ഷിപ്പനിയെ തുടർന്നാണ് രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമായത്
മുട്ട ക്ഷാമം തുടരുന്ന സാഹചര്യത്തിൽ തുർക്കി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് മുട്ടകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി യുഎസ്. വ്യാപകമായി പടര്‍ന്ന് പിടിച്ച പക്ഷിപ്പനിയെ തുടർന്നാണ് രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമായത്. പതിനായിരക്കണക്കിന് മുട്ടക്കോഴികളെ കൊന്നൊടുക്കേണ്ടി വന്നതോടെ രാജ്യത്ത് മുട്ടയുത്പാദനം പ്രതിസന്ധിയിലായി.
മുട്ടക്കള്ളക്കടത്ത് വരെ നടക്കുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.മുട്ട വില കുറയ്ക്കുമെന്നുള്ള വാഗ്ദാനത്തോടെയാണ് ട്രംപ് രണ്ടാം തവണ അധികാരം ഏറ്റെടുത്തത്. പക്ഷേ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ മുട്ട വില 59 ശതമാനം വര്‍ധിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ.
സ്ഥിതി രൂക്ഷമായതോടെ മുട്ടയ്ക്ക് വേണ്ടി മറ്റുരാജ്യങ്ങളെ സമീപിക്കുന്ന സ്ഥിതി വിശേഷമാണ് യുഎസിൽ ഇത്രയും ദിവസമായിട്ട് കണ്ടുകൊണ്ടിരുന്നത്. മുട്ട തേടിയെത്തിയ ട്രംപിൻ്റെ മുന്നിൽ ഫിൻലാൻ്റ് മുഖം തിരിച്ചിരുന്നു. ഡെന്‍മാർക്കും സ്വീഡനും നെതർലന്‍ഡും മുട്ട വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഇതോടെ ട്രംപിൻ്റെ നയതന്ത്രം സോഷ്യൽ മീഡിയ ചർച്ചയാക്കി. മറ്റ് രാജ്യങ്ങൾക്ക് നികുതി ഏര്‍പ്പെടുത്തിയ ട്രംപ്, മുട്ടയ്ക്ക് വേണ്ടി രാജ്യങ്ങളുടെ വാതില്‍ പോയി ഭിക്ഷയാചിക്കുന്നുവെന്ന തരത്തിലായിരുന്നു പിന്നീടുള്ള കളിയാക്കലുകൾ. കാര്യം വലിയ രാജ്യമൊക്കെ തന്നെ പക്ഷെ ചെറിയൊരു മുട്ടയ്ക്കുവേണ്ടി അലയുന്നു എന്ന തരത്തിലാണ് കൂടുതൽ കമൻ്റുകൾ വരുന്നത്.