സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു
കള്ളപ്പണ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ് നേതൃത്വം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം, പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
അര്‍ധരാത്രിയില്‍ റെയ്‌ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാൻ്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ALSO READ: വിവാദമൊഴിയാതെ നീലപ്പെട്ടിയും, പാതിരാ റെയ്‌ഡും; പ്രതിരോധത്തിലായി യുഡിഎഫ്
പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷമാണ് പരിശോധന തുടങ്ങിയത്. പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്. റെയ്‌ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍ഡിഎം ഷാഫി പറമ്പില്‍ എംപിയോട് വ്യക്തമാക്കുകയും ചെയ്തു.
ഏതെങ്കിലും വിവരത്തിൻ്റെ പരാതിയുടെയോ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് കാലത്തെ പരിശോധനയുടെയോ ഭാഗമായിരുന്നില്ല, റൊട്ടീന്‍ പരിശോധന മാത്രമായിരുന്നു റെയ്‌ഡെന്നാണ് എഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യം പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം പറഞ്ഞതിന് വിരുദ്ധമാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.
ALSO READ: കോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്‌ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്
കഴിഞ്ഞ ദിവസം പാലക്കാട്ടെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്‌ഡ് നടത്തിയത്. വനിതാ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. റെയ്ഡ് നടക്കുന്നുണ്ടെന്ന് വിവരമറിഞ്ഞെത്തിയ കോൺഗ്രസ് ബിജെപി പ്രവർത്തകർ ഹോട്ടലിന് ചുറ്റും തടിച്ചു കൂടി. പിന്നീട് അവിടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. വനിതാ പൊലീസ് ഇല്ലാതെ വനിത നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതാണ് കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് കോൺഗ്രസ് നേതൃത്വം ഇതിനെ പ്രതിരോധിച്ചത്. കള്ളപ്പണ ആരോപണത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. നിരവധി പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത്തരമൊരു ആരോപണം ഉയർന്നത് കോൺഗ്രസ് നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.