വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഹിന്ദു സമൂഹത്തെ അവഹേളിക്കുകയാണെന്നും മുരളീധരൻ വിമർശനമുന്നയിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. സനാതന ധർമത്തെ അവഹേളിക്കുന്ന ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും, അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുതെന്നും, വി. മുരളീധരൻ പറഞ്ഞു. വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഹിന്ദു സമൂഹത്തെ അവഹേളിക്കുകയാണെന്നും മുരളീധരൻ വിമർശനമുന്നയിച്ചു.
സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ശ്രീ നാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും, സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ട് അത് തിരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സനാതനധർമത്തെ അശ്ലീലം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഹിന്ദു വിശ്വാസങ്ങളോടുള്ള വെറുപ്പാണ് പ്രകടിപ്പിച്ചത്. മതമൗലികവാദികളുടെ വോട്ട് ലക്ഷ്യം വച്ചുള്ള പ്രസ്താവനങ്ങളാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചു വരുന്നതിൻ്റെ കണക്കുകൾ ചൂണ്ടികാട്ടി ദീപിക എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ താൻ പത്രം കണ്ടിട്ടില്ലെന്നും, എല്ലാ മാധ്യമങ്ങൾക്കും അവരുടെതായ അഭിപ്രായമുണ്ടെന്നുമായിരുന്നു മുരളീധരൻ്റെ പ്രതികരണം. കലൂർ നൃത്ത പരിപാടിയിൽ ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും, ജിസിഡിഎ ചെയർമാനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണണമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.