സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും.
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്നത് അതീവ ഗൗരവതരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തില്‍ ഡിജിപിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. ഏതൊക്കെ അധ്യാപകരാണ് രഹസ്യമായി സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്നത് എന്ന് പരിശോധിക്കാന്‍ എഇഒമാര്‍ക്കും ഡിഇഒമാര്‍ക്കും നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പത്താം ക്ലാസ്-ഇംഗ്ലീഷ്, പ്ലസ് വണ്‍-ഗണിതം എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരുന്നുവെന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ഇത് പുറത്തുപോവില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: പനയമ്പാടം അപകടം: റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് IIT റിപ്പോർട്ട്
ചോദ്യപേപ്പറിലെ വിവരങ്ങള്‍ പുറത്തുവന്നത് യൂട്യൂബ് ചാനലിന്റെ മിടുക്കാണെന്ന് കരുതേണ്ട. സംഭവം പൊതു വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേവലം ചെറിയ ലാഭത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. പല നിലയിലുള്ള അന്വേഷണം ഉണ്ടാകും.
ട്യൂഷന്‍ സെന്ററുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ചില വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ പുറത്തു പോകുന്നത്. അത് പ്രത്യേകമായി പരിശോധിക്കുമെന്നും നേരായ രീതിയില്‍ പോകുന്ന സംവിധാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടി എടുക്കും എന്നതില്‍ സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.