വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്
കടുവാ ഭീതിയിൽ വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ജനവാസ മേഖല. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ദൃശ്യം പതിഞ്ഞതോടെയാണ് കടുവയുടെ സാന്നിധ്യം സ്ഥീരികരിച്ചത്. ഇതോടെ കടുവയെ കെണിവച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ആറാം നമ്പർ പുതുവൽ ഭാഗത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തിയതോടെ വനംവകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. ദൃശങ്ങളിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. അതേസമയം, കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്ത് അഞ്ചിലേറെ പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. വനംവകുപ്പ് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും കടുവയെ പിടികൂടുന്നതിനാവശ്യമായ നടപടികൾ ഉണ്ടായില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം.
പ്രദേശത്തെ കുടുംബങ്ങളിൽ നിന്നുള്ള സ്കൂളിൽ പോകുന്ന കുട്ടികളും എസ്റ്റേറ്റേറ്റ് തൊഴിലാളികളും പ്രദേശത്തെ കർഷകരും പരിഭ്രാന്തിയിലാണ്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കെണിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പിൻറെ ഭാഗത്തു നിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.