പുറത്താക്കുന്നതിൽ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. സർക്കാർ ജീവനക്കാരനായിരിക്കെ പമ്പിന് അനുമതി തേടി എന്ന പരാതിയിലാണ് അന്വേഷണം. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പിലിന് നിർദേശം നൽകി.
"പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല.സർക്കാർ സർവീസിലേക്ക് പരിഗണന പ്രക്രിയയിൽ ഉള്ള ആളാണ്. തെറ്റുകാരൻ എങ്കിൽ സർക്കാർ സർവീസിൽ ഉണ്ടാകില്ല. അന്വേഷിക്കാൻ പരിമിതിയുണ്ട് എന്നാണ് പ്രിൻസിപ്പല്‍ ഡിഎംഇയെ അറിയിച്ചത്. അതുകൊണ്ടാണ് നേരിട്ട് അന്വേഷണം നടത്താൻ പരിയാരത്തേക്ക് അഡീഷണൽ ചീഫ് സെക്രട്ടറി പോകുന്നത്. സർക്കാർ ജീവനക്കാരനായിരിക്കെ സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്നാണ് അന്വേഷിക്കുക. പ്രശാന്തനെ പുറത്താക്കുന്നതിൽ നിയമോപദേശം തേടി"- ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കും
പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ എഡിഎം നവീൻ ബാബുവിന് 98000 രൂപ കൈക്കൂലി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശാന്തൻ്റെ സാമ്പത്തിക സ്രേതസുകളെക്കുറിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. പമ്പിനായി രണ്ട് കോടി രൂപ കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നും ദിവ്യ കൂട്ടുനിന്നോ എന്നുമാണ് ഇഡി അന്വേഷിക്കുക.