fbwpx
ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, ചിറകിന്‍ കരുത്തില്‍ പറന്നുയര്‍ന്നവര്‍; അതിജീവന കഥയാടി വെള്ളാര്‍മലയിലെ കുട്ടികള്‍
logo

എസ് ഷാനവാസ്

Last Updated : 04 Jan, 2025 02:23 PM

പ്രതീക്ഷകള്‍ ഇല്ലാതാക്കപ്പെട്ടിടത്ത്, അതിജീവനത്തിന്റെ പുതിയ മുളകള്‍ പിറവിയെടുക്കുമ്പോള്‍ പാട്ടിന്റെ വരികളും ചുവടുകളുമൊക്കെ പുത്തന്‍ പ്രതീക്ഷകളുടെ ചടുലതയിലേക്ക് മാറുന്നു

KERALA

വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തത്തില്‍നിന്ന്



വയനാട് ദുരന്തത്തിന്റെയും, മലയാളത്തിന്റെ അതിജീവനത്തിന്റെയും കഥ പറഞ്ഞാണ് ഇക്കുറി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ വയനാട് വെള്ളാര്‍മല സ്കൂളിലെ കുട്ടികളാണ് നേരനുഭവങ്ങള്‍ പകര്‍ന്നാടിയത്. വയനാട് ദുരന്തത്തില്‍ നൂറുകണക്കിന് മനുഷ്യര്‍ക്കൊപ്പം 33 സഹപാഠികളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍... ദുരന്തം നേരിട്ടുബാധിച്ച ഏഴുപേര്‍... ഉറ്റവരുടെയും ഉടയവരുടെയും വിയോഗവും, വീടുള്‍പ്പെടെ പ്രിയപ്പെട്ടതൊക്കെയും നഷ്ടമായവരും ചേര്‍ന്നാണ് മലയാളത്തിന്റെ അതിജീവന കഥയ്ക്ക് നൃത്തഭാഷ്യം നല്‍കിയത്.

മലയാളമണ്ണ് ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന്റെ ഭീകരതകള്‍ക്കൊപ്പം, മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് അതിനെ അതിജീവിച്ചതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ആ നൃത്തം. ചൂരല്‍മലയുടെ ഭൂതകാലവും കിനാവുകളുമൊക്കെ കോര്‍ത്തിണക്കിയുള്ളതായിരുന്നു വരികള്‍. തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം എന്ന ഒളപ്പമണ്ണയുടെ എന്റെ വിദ്യാലയം എന്ന കവിത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കാടിറങ്ങി വന്നവള്... കാട്ടുചോല പെണ്ണിവള്... എന്ന് പാട്ടിന്റെ വരികള്‍ ആരംഭിക്കുന്നു. പുന്നപ്പുഴയുടെ അരികിലായുള്ള സ്കൂളിനെക്കുറിച്ചുള്ള വര്‍ണനകള്‍, ആരും കൊതിക്കുന്ന മഴച്ചന്തം, കണ്ണാടി നോക്കുന്ന വെയില്‍ച്ചന്തം, വന്നവര്‍ക്കെല്ലാം ആതിഥ്യമരുളുന്ന കാട്ടുചന്തത്തെയും കുറിച്ച് പാടിയാണ് ഹുങ്കാരം പോലെ പെയ്തിറങ്ങിയ ദുരന്തത്തിലേക്ക് പാട്ടും ചുവടുകളും മാറുന്നത്. പാതാളഗര്‍ജനത്തില്‍ നാടൊന്നാകെ നടുങ്ങിയപ്പോള്‍, ഇരുട്ടില്‍ പാഞ്ഞെത്തിയ ജലപ്രവാഹം ഒരു ജനതയെയൊന്നാകെ വിഴുങ്ങി കടന്നുപോയി. എന്താണെന്ന് തിരിച്ചറിയുംമുന്‍പേ, സമസ്തവും നക്കി തുടച്ചു നീങ്ങിപ്പായുന്നു. കളാകളാരവം ശ്രുതി ചേര്‍ത്തൊഴുകിയ നദി, നാടിന് നടുവിലൂടെ ശവവാഹനമായി ഒഴുകുന്നു. ഇവിടം സ്വര്‍ഗമായി കണ്ട, സ്വപ്നം കണ്ടുറങ്ങിയ മനുഷ്യരെ വീടടക്കം എടുത്ത് കടപുഴക്കി ദൂരേക്കെറിഞ്ഞു. ജീവന്റെ തുടിപ്പുകള്‍ക്കുമേല്‍ വെള്ളം ഇരച്ചൊഴുകി. പ്രതീക്ഷകളത്രയും ചെളിയില്‍ പുതഞ്ഞുപോയി. രക്ഷിക്കാനാഞ്ഞ കൈകളെയും പുഴവന്ന് കൊണ്ടുപോയതിനെയും നൃത്തം ആവിഷ്കരിച്ചിരിക്കുന്നു.


ALSO READ: അഭിനയമല്ല... വേദിയില്‍ ആവിഷ്‌കരിച്ചത് അവരുടെ ജീവിതം തന്നെയല്ലേ; വെള്ളാര്‍മല സ്‌കൂളിലെ സംഘനൃത്തത്തെക്കുറിച്ച് ഉണ്ണി മാഷ് പറയുന്നു


പ്രതീക്ഷകള്‍ ഇല്ലാതാക്കപ്പെട്ടിടത്ത്, അതിജീവനത്തിന്റെ പുതിയ മുളകള്‍ പിറവിയെടുക്കുമ്പോള്‍ പാട്ടിന്റെ വരികളും ചുവടുകളുമൊക്കെ പുത്തന്‍ പ്രതീക്ഷകളുടെ ചടുലതയിലേക്ക് മാറുന്നു. ഒരു ജനതയുടെ കരച്ചില്‍ കാതില്‍ മുഴങ്ങുമ്പോള്‍, മനുഷ്യര്‍ പരസ്പരം കൈകോര്‍ത്തതും, അലറിവിളിക്കുന്ന കാട്ടുകൊമ്പന്‍ പാതിരാക്കാവല്‍ നിന്നതുമൊക്കെ ആ ചടുലതയ്ക്ക് ഊര്‍ജം പകരുന്നു. ഈ ദുരന്തത്തിനെല്ലാം ആര്‍ക്കുനേരെ വിരല്‍ ചൂണ്ടണം, കരുണയറ്റ പ്രകൃതിക്കു നേരെയോ അതോ പ്രകൃതിയെ ധിക്കരിക്കുന്ന സ്വന്തം നേര്‍ക്കോ എന്നൊരു ചോദ്യവും പാട്ടില്‍ കാണാം. എന്നാല്‍ ആരെയും കുറ്റം പറഞ്ഞ് വിരല്‍ ചൂണ്ടി നില്‍ക്കുവാന്‍ നേരമില്ലെന്നും വിണ്‍ഗംഗയെ വീണ്ടുമീ മണ്ണിലെത്തിക്കണം. ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, ചിറകിന്‍ കരുത്താര്‍ന്ന് വാനില്‍ പറക്കുകയെന്ന് പാടിയും ആടിയുമാണ് വെള്ളാര്‍മലയിലെ കുട്ടികള്‍ മലയാളമനസ് കവര്‍ന്നത്.



ദുരന്തം അനുഭവിച്ചവര്‍ തന്നെ പറയുന്ന അതിജീവനകഥയ്ക്ക് അത്രമേല്‍ കരുത്തും ഊര്‍ജവുമുണ്ട്. അതു തന്നെയായിരുന്നു സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തെ ജീവസുറ്റതാക്കിയതും. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ അഞ്ചല്‍ എസ്, ശിവപ്രിയാ എം.ആര്‍, വൈഗ ഷിബു, ഋഷിക പ്രഷ്‌ണോവ്, സാധിക സതീഷ്, വീണ വി.എസ്, അശ്വിനി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. എല്ലാവരും ദുരന്തം അനുഭവിച്ചവര്‍. നിലിവിളിയും കണ്ണീരും കണ്ട് മനസ് തകര്‍ന്നവര്‍. അവര്‍ തന്നെയാണ് അതിജീവനത്തിന്റെ നൃത്തഭാഷ്യത്തിന് ചുവടുവെച്ചത്. തൃശൂര്‍ നാരായണന്‍ കുട്ടി മാസ്റ്ററുടെ വരികള്‍ക്ക് ഈണമിട്ട് ചുവടുകളൊരുക്കിയത് നൃത്ത സംവിധായകന്‍ അനില്‍ വെട്ടിക്കാരിയാണ്. അഞ്ച് ദിവസംകൊണ്ട് നൃത്തം പഠിച്ച്, അഞ്ച് ദിവസം പരിശീലനവും നടത്തിയശേഷമാണ് സംഘം വേദിയിലെത്തിയത്.




KERALA
നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യെമൻ എംബസി
Also Read
user
Share This

Popular

KERALA
KERALA
ഗുജറാത്തിലും HMPV രോഗബാധയെന്ന് സംശയം; ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് കേസുകളും കുഞ്ഞുങ്ങളിൽ, വിശദീകരണം നൽകി ICMR