വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്
ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇനി കോൺഗ്രസിനൊപ്പം. ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ഇവർ മത്സരിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇരുവരും രാഹുൽഗാന്ധിയുമായും കെ.സി. വേണു ഗോപാലുമായും ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനം പുറത്തു വിട്ടത്.
ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹം നേരത്തേ തന്നെ ഉയർന്നു വന്നിരുന്നു. പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ സ്വീകരണമാണ് കോൺഗ്രസും നോട്ടമിട്ടത്. വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമോ എന്ന ചിന്തിഗതിയാണ് കോൺഗ്രസിനുള്ളത്.
കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പഞ്ചാബിലെ അതിർത്തി പ്രദേശമായ ശംഭുവിലെത്തി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതോടെ ഒക്ടോബർ 5ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് മത്സരിക്കുമെന്ന പ്രചാരണം സജീവമാകുകയായിരുന്നു.
ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന പ്രധാന ഘടകങ്ങൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ മികച്ച നേട്ടമുണ്ടാക്കിയ കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 8ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താനുമാണ് നിലവിലെ തീരുമാനം.