ഇനിയുള്ള കാലം അറിയാത്ത ഇടങ്ങളിൽ ചുറ്റിക്കറങ്ങാതെ രാഹുലിൻ്റെ വീട്ടിൽ തന്നെ സന്തോഷവും സമാധാനവുമായി ജീവിക്കാനാണ് സപ്നാ ദേവി തീരുമാനമെടുത്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹത്തിന് മുൻപായി ഭാവി വരനായ രാഹുലിനൊപ്പം ഒളിച്ചോടിയ വധുവിൻ്റെ അമ്മ സപ്നാ ദേവി നാട്ടിൽ തിരിച്ചെത്തി. ഒറ്റ ദിവസം കൊണ്ട് ദേശീയ പ്രാധാന്യമുള്ള വാർത്തയായി ഈ വിവാദ ദമ്പതികൾ മാറിയിരുന്നു. ഇനിയുള്ള കാലം അറിയാത്ത ഇടങ്ങളിൽ ചുറ്റിക്കറങ്ങാതെ സന്തോഷവും സമാധാനവുമായി രാഹുലിൻ്റെ വീട്ടിൽ തന്നെ ജീവിക്കാനാണ് സപ്നാ ദേവി തീരുമാനമെടുത്തിരിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായി വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഭർത്താവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ അതിന് മുൻപായി ഏപ്രിൽ 8ന് 3.5 ലക്ഷത്തോളം രൂപയും അഞ്ച് ലക്ഷത്തോളം വരുന്ന സ്വർണവുമായി സപ്നാ ദേവി വീട് വിട്ടിറങ്ങി. അന്ന് തന്നെ മകളുടെ ഭാവി വരനേയും കാണാതായി. ഭർത്താവ് പൊലീസിൽ പരാതി നൽകിയപ്പോഴാണ് ട്വിസ്റ്റ് പ്രണയകഥ പുറത്തുവന്നത്.
ഭർത്താവ് ജിതേന്ദർ കുമാറും മകൾ ശിവാനിയും മാനസികമായി തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതിൽ മനംനൊന്താണ് രാഹുലിനൊപ്പം ജീവിക്കാൻ തീരുമാനിച്ചതെന്നാണ് സപ്നാ ദേവി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇനി താൻ ഭർത്താവിൻ്റെ അടുത്തേക്ക് പോകില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. സപ്നാ ദേവിയെ താൻ രക്ഷിക്കുകയായിരുന്നു എന്നാണ് രാഹുൽ പൊലീസിന് നൽകിയ മൊഴി. മൊഴി രേഖപ്പെടുത്തി കൗൺസിലിങ് നൽകിയ ശേഷം പൊലീസ് നവ ദമ്പതികളെ പോകാൻ അനുവദിക്കുകയും ചെയ്തു.
ALSO READ: വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം നല്‍കി; മധ്യപ്രദേശിൽ അധ്യാപകന് സസ്‌പെൻഷൻ
രാഹുലും അമ്മ സപ്നാ ദേവിയും കഴിഞ്ഞ മൂന്ന് നാലു മാസത്തോളം ഫോണിൽ സംസാരമുണ്ടായിരുന്നുവെന്നാണ് മകൾ ശിവാനിയുടെ ആരോപണം. "ഞങ്ങളുടെ സമ്പാദ്യമെല്ലാം എടുത്താണ് അമ്മ പോയത്. ഒരു 10 രൂപ പോലും ബാക്കി വെച്ചിട്ടില്ല. അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അത് ഞങ്ങളെ ബാധിക്കില്ല. പക്ഷേ പണവും സ്വർണവും തിരികെ വേണം," ശിവാനി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവിൽ വ്യവസായിയാണ് ജിതേന്ദ്ര. രാഹുലും സപ്നയും മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നത് കേൾക്കാറുണ്ടായിരുന്നുവെന്നും എന്നാൽ മകളുടെ വിവാഹം അടുത്ത ദിവസങ്ങളിൽ സംസാരിക്കുന്നതൊന്നും കണ്ടിരുന്നില്ലെന്നും മുൻ ഭർത്താവും വെളിപ്പെടുത്തി.