22.72 ശരാശരിയിൽ കോഹ്ലി കരിയറിലെ ഏറ്റവും മോശം ഫോമിലാണ് നിലവിൽ കളിക്കുന്നത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്
നവംബർ 22നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കൊമ്പുകോർക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബംഗ്ലാദേശ്, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിങ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമെ നേടാനായുള്ളൂ. 22.72 ശരാശരിയിൽ കോഹ്ലി കരിയറിലെ ഏറ്റവും മോശം ഫോമിലാണ് നിലവിൽ കളിക്കുന്നത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിലും ടി20 ലോകകപ്പിലും കരിയറിൻ്റെ പീക്ക് ഫോമിലായിരുന്നു കോഹ്ലി കളിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനസമയത്ത് വിരാട് പെറ്റേണിറ്റി ലീവിൽ പോയതിന് ശേഷം ഗ്രൗണ്ടിൽ മടങ്ങിയെത്തിയത് ഫോം ഔട്ടായാണ്. ഓസീസ് പര്യടനത്തിലൂടെ കോഹ്‍ലി മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. 54.48 ശരാശരിയിലാണ് വിരാട് ഓസീസിൽ കളിച്ച 25 ഇന്നിങ്സുകളിലും പ്രകടനം നടത്തിയത്. വിദേശ ഗ്രൗണ്ടുകളിൽ 87 ഇന്നിങ്സുകളിലായി 55.58 ആണ് കോഹ്ലിയുടെ ബാറ്റിങ് ആവറേജ്.
2014 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് വിരാട് കോഹ്ലി എന്ന ലെജൻഡറി ക്രിക്കറ്ററുടെ കരിയറിലെ ഏറ്റവും മഹത്തരമായ ബാറ്റിങ് പ്രകടനങ്ങൾ ക്രിക്കറ്റ് ലോകം കണ്ടത്. ഇക്കാലയളവിൽ തുടർച്ചയായി കളിച്ച 100 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നായി 5608 റൺസും 21 സെഞ്ചുറികളും വിരാട് നേടി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇതിനൊരപവാദമായി കോഹ്ലിക്ക് മുന്നിലുള്ളത്. സമാനമായി സച്ചിനും തുടർച്ചയായ 100 ഇന്നിങ്സുകളിൽ നിന്നും 5729 റൺസും 22 സെഞ്ചുറികളും നേടിയിരുന്നു.
ALSO READ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത് വൈകും, പെർത്തിൽ ഇന്ത്യയെ ബുമ്ര നയിക്കും
ഓസ്ട്രേലിയൻ ഗ്രൗണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് രണ്ട് ഇന്ത്യൻ താരങ്ങളുണ്ട്. സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും ഓസീസ് മണ്ണിൽ ആറ് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൻ്റെ മുൻ ഇതിഹാസ ക്രിക്കറ്റർമാരായ ജാക്ക് ഹോബ്സും (9) വാലി ഹാമണ്ടും (7) മാത്രമാണ് ഇനി വിരാടിന് മുന്നിലുള്ളത്. 5 ടെസ്റ്റുകളുള്ള ഈ പരമ്പരയിൽ നാല് സെഞ്ചുറി നേടി വിരാട് ഈ റെക്കോർഡ് മറികടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കുറി സാധിച്ചില്ലെങ്കിൽ അടുത്തൊരു ഓസീസ് പര്യടനത്തിന് കോഹ്ലിക്ക് ബാല്യമുണ്ടെയെന്നാണ് ആരാധകരും ആശങ്കപ്പെടുന്നത്.
2016 നവംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ ഏറ്റവും മോശം ബാറ്റിങ് ആവറേജാണ് നിലവിലുള്ളത്. 50ാം ടെസ്റ്റിന് മുമ്പ് വരെ 46.11 ആയിരുന്നു കോഹ്ലിയുടെ ബാറ്റിങ് ആവറേജ്. അടുത്ത അഞ്ച് വർഷവും അമ്പതിന് മുകളിലായിരുന്ന കോഹ്ലിയുടെ ബാറ്റിങ് ആവറേജ് 2022ന് ശേഷം ആദ്യമായി താഴേക്ക് പതിക്കുന്നതും കണ്ടു. നിലവിൽ 47.83 മാത്രമാണ് വിരാടിൻ്റെ ബാറ്റിങ് ആവറേജ്.2020ന് ശേഷം വെറും രണ്ട് സെഞ്ചുറികൾ മാത്രമാണ് കോഹ്ലിക്ക് നേടാനായത്.
ALSO READ: രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചു; മിന്നും ഫോമിലുള്ള ഷമിയെ തിരികെ വിളിച്ചേക്കും