ഇന്ത്യൻ നായകൻ രോഹിത് ശർമയും റാങ്കിങ്ങിൽ വീണ്ടും പിന്നോക്കം പോയി. രണ്ട് റാങ്ക് താഴേക്കിറങ്ങി 42ാം റാങ്കിലാണ് ഹിറ്റ്മാൻ നിൽക്കുന്നത്
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വീണ്ടും താഴേക്ക് വീണ് ഇന്ത്യൻ ലെജൻഡറി ബാറ്റർമാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ടെസ്റ്റ് റാങ്കിങ് എന്ന നാണക്കേടിന് നടുവിലാണ് കോഹ്‌ലി ഇപ്പോൾ. കഴിഞ്ഞ റാങ്കിങ്ങിൽ നിന്ന് മൂന്ന് സ്ഥാനം പിന്നേയും താഴേക്കിറങ്ങിയ കോഹ്‌ലി ഇപ്പോൾ 27ാം സ്ഥാനത്താണ്.
അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 190 റൺസ് മാത്രമാണ് വിരാട് അടിച്ചെടുത്തത്. എട്ട് തവണയും ഓഫ് സ്റ്റംപിന് പുറത്തെ പന്തിൽ ബാറ്റ് വെച്ച് പുറത്തായെന്ന നാണക്കേടിനും മുൻ ഇന്ത്യൻ നായകൻ ഇരയായിരുന്നു. ഇതിന് മുമ്പ് 2012 ഡിസംബറിൽ 36ാം റാങ്ക് വരെയെത്തിയതാണ് ഇതിഹാസ താരത്തിൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനം.
അതേസമയം, നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയും റാങ്കിങ്ങിൽ വീണ്ടും പിന്നോക്കം പോയി. രണ്ട് റാങ്ക് താഴേക്കിറങ്ങി 42ാം റാങ്കിലാണ് ഹിറ്റ്മാൻ നിൽക്കുന്നത്. മോശം ഫോമിനെ തുടർന്ന് അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയ രോഹിത് ഇത് താൽക്കാലിക പിന്മാറ്റമാണെന്നും വിരമിക്കാൻ ഉദ്ദേശമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ യശസ്വി ജെയ്സ്വാൾ നാലാമതും റിഷഭ് പന്ത് ഒൻപതാം സ്ഥാനത്തുമാണ്.
ALSO READ: ബുമ്രയുടെ പരുക്ക് ഗുരുതരം; നിർണായക പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ 32 വിക്കറ്റുമായി ബുമ്ര പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 908 റാങ്കിങ് പോയിന്റാണ് ബുമ്രയ്ക്ക് ലഭിച്ചത്. പുറം വേദന കാരണം സിഡ്നിയിൽ രണ്ടാമിന്നിങ്സിൽ താരത്തിന് പന്തെറിയാനും കഴിഞ്ഞിരുന്നില്ല. സ്പിന്നർ രവീന്ദ്ര ജഡേജയും ഒരു സ്ഥാനം മെച്ചപ്പെടുത്തി ബൗളർമാരുടെ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തെത്തി.
ബൗളർമാരുടെ റാങ്കിങ്ങിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ, ഓസീസ് പേസർ ജോഷ് ഹേസിൽവുഡ്, ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസൺ എന്നിവരാണ് യഥാക്രമം 2, 3, 4, 5 സ്ഥാനങ്ങളിലുള്ളത്.
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ഇന്ത്യക്കാർ
യശസ്വി ജയ്‌സ്വാൾ - 847 റേറ്റിംഗുമായി നാലാം സ്ഥാനത്താണ്
റിഷഭ് പന്ത് - 739 റേറ്റിംഗുമായി 9-ാം സ്ഥാനത്താണ്
ശുഭ്മാൻ ഗിൽ - 631 റേറ്റിംഗുമായി 23-ാം സ്ഥാനത്താണ്
വിരാട് കോഹ്ലി - 614 റേറ്റിംഗുമായി 27-ാം സ്ഥാനത്താണ്
രോഹിത് ശർമ - 554 റേറ്റിംഗുമായി 42-ാം സ്ഥാനത്താണ്
രവീന്ദ്ര ജഡേജ - 538 റേറ്റിംഗുമായി 51-ാം സ്ഥാനത്താണ്
കെ.എൽ. രാഹുൽ - 533 റേറ്റിംഗുമായി 52-ാം സ്ഥാനത്താണ്
ശ്രേയസ് അയ്യർ - 465 റേറ്റിംഗുമായി 68-ാം സ്ഥാനത്താണ്