വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പോലും പ്രിജിത്ത് മോശമായി സംസാരിച്ചുവെന്നും യുവതി ആരോപിക്കുന്നു
വയനാട് കളക്ട്രേറ്റിലെ ആത്മഹത്യാശ്രമത്തിൽ ജോയിൻ്റ് കൗൺസിൽ നേതാവ് പ്രിജിത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി. പ്രിജിത്ത് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും, പരാതി നൽകിയതോടെ മറ്റൊരു നേതാവായ സുജിത്തും ഭീഷണിപ്പെടുത്തിയെന്ന് യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റിയിൽ പ്രിജിത്തിനെതിരെ പരാതി നൽകിയതിന് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും, പ്രിജിത്തിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും, വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പോലും പ്രിജിത്ത് മോശമായി സംസാരിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ജോയിൻ്റ് കൗൺസിൽ നേതാവായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റിയെന്നും ആരോപണമുണ്ട്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
Also Read; വെഞ്ഞാറമൂട് കൂട്ടക്കൊല: മാതാവിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും, പ്രതി അഫാൻ്റെ പിതാവ് നാട്ടിലെത്തി
കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ക്ലർക്കായ യുവതി ഓഫീസ് ശുചിമുറിയിൽ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സഹപ്രവർത്തകൻ്റെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)