റമദാൻ മാസത്തിനു ശേഷം വീട് നിർമാണം ആരംഭിക്കുമെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു
സാദിഖലി ശിഹാബ് തങ്ങൾ
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സ്വന്തം നിലയ്ക്ക് വീടുകൾ നിർമിച്ചു നല്‍കും. മേപ്പാടി പഞ്ചായത്തിൽ തന്നെ സ്ഥലം കണ്ടെത്തി. എട്ട് സെന്റിൽ ആയിരം സ്ക്വയർ ഫീറ്റ് വീടു നിർമിക്കും. റമദാൻ മാസത്തിനു ശേഷം വീട് നിർമാണം ആരംഭിക്കുമെന്നും പ്രത്യേക സമിതി ഗുണഭോക്താക്കളെ കണ്ടുപിടിക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഏഴ് മാസം സർക്കാരിനെ കാത്തുനിന്ന് നിരാശരായിയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ ദുരന്തബാധിതർക്കും റമദാൻ കിറ്റ് നാളെ മുതൽ വിതരണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, വയനാട് പുരനധിവാസത്തിൽ ദുരിതബാധിതർക്ക് 20 ലക്ഷം രൂപയ്ക്ക് വീട് ഒരുക്കാനാണ് മന്ത്രിസഭ യോഗത്തിൽ തീരുമാനമായത്. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ബി ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ എണ്ണം 430 നുള്ളിലാണ്. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അർഹരായ ഗുണഭോക്താക്കള്‍ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സാഹചര്യത്തിൽ പുനരധിവാസത്തിനായി ആദ്യഘടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമേ ഏറ്റെടുക്കൂ. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി ഏഴ് സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം.