fbwpx
സൽമാൻ ഖാനെതിരെയുള്ള നിരന്തര ഭീഷണി ഒരു മൃഗത്തിന്റെ പേരിൽ! എന്താണ് ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗവും തമ്മിലുള്ള ബന്ധം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Nov, 2024 08:06 PM

സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിന് പേരുകേട്ടവരാണ് ബിഷ്‌ണോയി വംശം

EXPLAINER


നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണ് ലോറൻസ് ബിഷ്‌ണോയി സംഘം. മാപ്പ് പറയുക, അല്ലെങ്കിൽ അഞ്ച് കോടി നൽകുക എന്നീ രണ്ട് ഉപാധികളാണ് സംഘം നടന് മുന്നിലേക്ക് നീട്ടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സൽമാന് ഖാന് നേരെയുള്ള രണ്ടാമത്തെ വധഭീഷണിയാണ് ഇത്. നിരവധി തവണയായി സൽമാൻ ഖാനെതിരെ ബിഷ്‌ണോയി സംഘം വധഭീഷണി മുഴക്കുന്നത്. സല്‍മാന്‍ ഖാനെതിരെ മാത്രമല്ല നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും തങ്ങളുടെ തോക്കിനിരയാവുമെന്ന ഭീഷണിയും ബിഷ്‌ണോയ് ഗ്യാങ് ഉയർത്തുന്നുണ്ട്.


ബിഷ്ണോയ് വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതാണ് സല്‍മാനോടുള്ള പകയ്ക്ക് കാരണമായി സംഘം പറയുന്നത്. വിശുദ്ധ മൃഗമായി ബിഷ്ണോയ് വിഭാഗം കരുതുന്ന കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ജോധ്‌പൂരിനു സമീപമുള്ള മതാനിയയിലെ ബവാദില്‍ വെച്ച് വേട്ടയാടിയെന്നും സംഘം പറയുന്നു. 1998ല്‍ 'ഹം സാത് സാത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വേട്ടയാടൽ നടന്നത്. എന്നാൽ ഒരു മൃഗത്തിന്റെ പേരിൽ എന്തിനാണ് നിരന്തര ഭീഷണിയും, കൊലപാതകങ്ങളും ബിഷ്‌ണോയി ഗ്യാങ് നടത്തുന്നതെന്ന സംശയം എല്ലാവർക്കുമുണ്ടാക്കും. എന്താകാം കൃഷ്ണമൃഗവും ബിഷ്ണോയ് വിഭാഗവും തമ്മിലുള്ള ബന്ധം.


ബിഷ്ണോയ് വിഭാഗവും കൃഷ്ണമൃഗവും

രാജസ്ഥാനിലെ ഥാറിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിന് പേരുകേട്ടവരാണ് ബിഷ്‌ണോയി വംശം. 29 തത്വങ്ങളിൽ അടിയുറച്ച് വിശ്വസിച്ച ബിഷ്‌ണോയി വംശം സ്ഥാപിക്കുന്നത് 1485-ലാണ്. ഗുരു മഹാരാജ് ജാംബാജി എന്നറിയപ്പെടുന്നയാളാണ് ഈ വംശം സ്ഥാപിക്കുന്നത്. ഇവർ പ്രധാനമായും പ്രോത്സാഹിപ്പിച്ചത് പരിസ്ഥിതി പരിപാലനത്തെയും സസ്യ-ജന്തു സംരക്ഷണവുമാണ്. വംശം സ്ഥാപിച്ച ജംബാജിയുടെ പ്രകൃതിയോടുള്ള ഈ മനോഭാവമാണ് ബിഷ്‌ണോയികളെ സസ്യങ്ങൾ നട്ടുവളർത്തുന്നതിനും മൃഗങ്ങളെ പരിപാലിക്കുന്നതിനും പേരുകേട്ടവരാക്കിയത്. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വളരെ കാർക്കശ്യം കാണിക്കുന്നവരാണ് ബിഷ്‌ണോയികൾ. 1730-ൽ ഈ സമുദായത്തിലെ 363 അംഗങ്ങൾ മരങ്ങളുടെ സംരക്ഷണത്തിനായി ജീവൻ ത്യജിച്ചു എന്നും പറയപ്പെടുന്നുണ്ട്.


ALSO READ: എ ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറി; ലോറന്‍സ് ബിഷ്‌ണോയിയുടെ ജീവിതം വെബ് സീരീസ് ആകുന്നു


ജാംബാജിയുടെ 29 തത്വങ്ങളിൽ പ്രധാനമായിരുന്നു ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കണമെന്നത്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്നെയാണ് മറ്റ് തത്വങ്ങളും. ഇതുകൂടാതെ വംശത്തിന്റെ സ്ഥാപകനായ ജാംബാജിയുടെ പുനർജന്മമായാണ് ബിഷ്ണോയ് സമൂഹം കൃഷ്ണമൃഗത്തെ കാണുന്നത്. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഒരു പ്രൊഫസർ നടത്തിയ പഠനത്തിൽ തങ്ങൾ മാനുകളായി പുനർജനിക്കുമെന്ന് ബിഷ്ണോയികൾ വിശ്വസിക്കുന്നതായും പറയുന്നുണ്ട്. കൂടാതെ ബിഷ്‌ണോയ് നാടോടിക്കഥകൾ അനുസരിച്ച് അനുയായികളോട് കൃഷ്ണമൃഗത്തെ തന്റെ പ്രതിരൂപമായി കാണാനും, ബഹുമാനിക്കാനും നിർദ്ദേശിച്ചതായും പറയുന്നുണ്ട്.

ലോറൻസ് ബിഷ്‌ണോയിയുടെ ബന്ധുവായ ശാന്ത്റാം ബിഷ്‌ണോയി 1977-ലാണ് മൃഗസംരക്ഷണ സംഘടന രജിസ്റ്റർ ചെയ്തത്. ഓൾ ഇന്ത്യ ആനിമൽ പ്രൊട്ടക്ഷൻ ബിഷ്‌ണോയ് സമാജ് എന്നാണ് സംഘടന അറിയപ്പെടുന്നത്. ഇതോടെയാണ് കൃഷ്‌ണ മൃഗങ്ങളുടെ തീവ്ര സംരക്ഷകർ എന്ന രീതിയിൽ ബിഷ്‌ണോയി വംശം മാറിയത്. കൃഷ്‌ണ മൃഗങ്ങളെ പവിത്രമായി കണക്കാക്കുകയും അതിനെ ഉപദ്രവിക്കുന്നവരെ ശക്തമായി എതിർക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് തങ്ങളുടെ കടമയായാണ് ബിഷ്‌ണോയി വംശം വിശ്വസിക്കുന്നത്. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയ് ആണ് സംഘടനയുടെ ദേശീയ പ്രസിഡന്റ്. പഞ്ചാബിൽ വച്ച് നടന്ന ബിഷ്‍ണോയ് സമാജത്തിന്‍റെ യോഗത്തിലാണ് ലോറൻസ് ബിഷ്‌ണോയിയെ മൃഗസംരക്ഷണ സംഘടനയുടെ ദേശീയ പ്രസിഡന്‍റാക്കാൻ തീരുമാനമായത്.


ALSO READ: അഞ്ച് കോടി നൽകുക, അല്ലെങ്കിൽ മാപ്പ് പറയുക; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി


പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ കൊലപാതകത്തോടെയാണ് ലോറൻസ് ബിഷ്‌ണോയി കുപ്രസിദ്ധി നേടുന്നത്. എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദീഖി, കർണി സേന അധ്യക്ഷൻ എന്നിവരുടെ കൊലപാതകത്തിലും ലോറൻസിന് പങ്കുണ്ട്. കൊലപാതകമുൾപ്പെടെ 85 കേസുകളാണ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലും ലോറൻസ് ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണി മുഴക്കുന്ന സാഹചര്യത്തിലും ബാബ സിദ്ദീഖിയുടെ കൊലപാതകത്തിനും പിന്നാലെ നടന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

KERALA
മാവോയിസ്റ്റ് സംഘം കേരളത്തിലേക്ക് കടക്കാന്‍ സാധ്യത; വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തണ്ടർ ബോൾട്ട്
Also Read
user
Share This

Popular

KERALA
WORLD
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍